ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എംപിയുടെ മകനും യുവ കലാകാരനുമായ റെയ്ഹാന് വാദ്രയുടെ ചിത്രപ്രദര്‍ശനത്തിന് ഡല്‍ഹി ബിക്കാനീർ ഹൗസിൽ കര്‍ശന നിയന്ത്രണം.
പ്രദര്‍ശനം ആരംഭിക്കാനിരിക്കെ ആകെ ഉണ്ടായിരുന്ന 105 ചിത്രങ്ങളില്‍ 75 എണ്ണവും അധികൃതര്‍ നീക്കം ചെയ്യിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
വേറെ മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്ന് റെയ്ഹാന്
ചിത്രങ്ങള്‍ നീക്കണമെന്ന് ബിക്കാനീര്‍ ഹൗസ് മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നുവെന്നും, ചര്‍ച്ചകള്‍ക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും റെയ്ഹാന് വ്യക്തമാക്കി. ചിത്രങ്ങള്‍ നീക്കിയില്ലെങ്കില്‍ പ്രദര്‍ശനം റദ്ദാക്കേണ്ടി വരുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഇതോടെ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി ഫോട്ടോഗ്രാഫികളും മറ്റ് കലാസൃഷ്ടികളും അടങ്ങുന്ന ‘നോ ഐഡിയ ഈസ് ഫൈനല്‍’ (No Idea Is Final) എന്ന എക്സിബിഷനിലാണ് കഴിഞ്ഞ ആറുമാസമായി ഡല്‍ഹിയില്‍ നടന്ന യുവജന പ്രതിഷേധങ്ങളുടെ ചിത്രങ്ങളും പ്രധാനമായി ഉള്‍പ്പെടുത്തിയിരുന്നത്.
ചിത്രങ്ങള്‍ക്ക് രാഷ്ട്രീയ സ്വഭാവമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. എന്നാല്‍ ഒരു കലാകാരന് എന്ന നിലയില്‍ കഴിഞ്ഞ ആറുമാസത്തിനിടയിലെ സംഭവവികാസങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്ത് പ്രദര്‍ശിപ്പിക്കേണ്ടത് തന്റെ കടമയാണെന്ന് കരുതുന്നുവെന്ന് റെയ്ഹാന് വ്യക്തമാക്കി.
ദേശീയ പതാകയുടെ ചിത്രങ്ങളും നീക്കാന്‍ ആവശ്യം
പ്രദര്‍ശനത്തിലുണ്ടായിരുന്ന ദേശീയ പതാകയുടെ രണ്ട് ചിത്രങ്ങളും നീക്കം ചെയ്യാന്‍ ബിക്കാനീര്‍ ഹൗസ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ രാജ്യത്തിന്റെ പതാകയായതിനാല് ആ ചിത്രങ്ങള്‍ മാറ്റാന്‍ താന്‍ ആദ്യം വിസമ്മതിച്ചെങ്കിലും, പിന്നീട് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നടപടികള്‍ക്ക് വഴങ്ങേണ്ടി വന്നു.
നിലവിലെ സാഹചര്യത്തില്‍ ബിക്കാനീര്‍ ഹൗസിലെ പ്രദര്‍ശനം ഭാഗികമായി മാത്രമാണ് നടക്കുന്നത്. ഒഴിവാക്കപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഡല്‍ഹിയിലോ മറ്റ് വേദികളിലോ പുതിയൊരു പ്രദര്‍ശനം പിന്നീട് സംഘടിപ്പിക്കുമെന്നും റെയ്ഹാന് അറിയിച്ചു.
കലാസൃഷ്ടികള്‍ക്ക് മേലുള്ള ഈ സെന്‍സര്‍ഷിപ്പിനെതിരെ രാഷ്ട്രീയ സാമൂഹിക രംഗത്തുനിന്നും കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്.


