ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിൽ ഡൽഹി കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ നാളെ (വെള്ളിയാഴ്ച) ‘തിരംഗ മാർച്ച്’ സംഘടിപ്പിക്കും.
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഈ പ്രതിഷേധത്തിൽ അണിനിരക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ ആഹ്വാനം ചെയ്തു. പരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങൾ ഇരിക്കുന്ന സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്തി പ്രതിഷേധത്തിൽ പങ്കുചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കേന്ദ്രസർക്കാരിനും മോദിക്കുമെതിരെ രൂക്ഷ വിമർശനം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്തിനാണ് സംരക്ഷിക്കുന്നതെന്ന് അഭിജിത് ദിപ്കെ ചോദിച്ചു. തിരഞ്ഞെടുപ്പിൽ മോദിയെ സഹായിച്ചതിന്റെ പ്രത്യുപകാരമാണോ ഈ സംരക്ഷണമെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്ത് ജാതി-മത ഭേദമന്യേയുള്ള പ്രതിഷേധങ്ങളെ സർക്കാർ ഭയക്കുകയാണെന്നും, പൊലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാക്കളായ പിണറായി വിജയൻ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ കരുതിക്കൂട്ടി കസ്റ്റഡിയിലെടുത്തത് ഗ്യാനേഷ് കുമാറിനെ രക്ഷിക്കാനാണെന്ന് ദിപ്കെ ആരോപിച്ചു.
നരേന്ദ്ര മോദിക്ക് ദേശീയ പതാകയേക്കാൾ വലുതാണോ ഗ്യാനേഷ് കുമാർ? തിരഞ്ഞെടുപ്പിൽ ജയിപ്പിച്ചത് കൊണ്ടാണോ ഇത്രയധികം ഇയാളെ സംരക്ഷിക്കുന്നത്? നരേന്ദ്ര മോദി ഇത്രയധികം പേടിത്തൊണ്ടനാകരുത്.
ആർഎസ്എസ് ശാഖകളിൽ ഇതുവരെ ദേശീയ പതാക ഉയർത്തിയിട്ടില്ലാത്തവരാണ് തെരുവുകളിൽ പതാകയേന്തുമ്പോൾ അതിനെ തടയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ പതാകയെ അപമാനിക്കുന്നു: ഐഷി ഘോഷ്
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നേതാവ് ഐഷി ഘോഷും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വോട്ട് കൊള്ളയിലൂടെ അധികാരത്തിൽ എത്തിയവർക്ക് ജനാധിപത്യത്തിന്റെ വിലയറിയില്ലെന്ന് അവർ കുറ്റപ്പെടുത്തി.
രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും, ഗ്യാനേഷിനെ എന്തിനാണ് ഇത്രയധികം സംരക്ഷിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നമ്മുടെ കയ്യിലുള്ള ദേശീയ പതാകയെയോ (തിരംഗ) സമരത്തെയോ തകർക്കാൻ ആർക്കും സാധിക്കില്ലെന്നും, ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടം അവസാനിപ്പിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
ഡൽഹിയിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വൻ പോലീസ് സന്നാഹമാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.


