ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ്, ഗൗതം ഗംഭീർ, സഹീർ ഖാൻ തുടങ്ങിയവർ എന്തുകൊണ്ടാണ് ദേശീയ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന് അവർക്ക് വ്യക്തമായി അറിയാമെന്ന് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിക്ക് വേണ്ടിയാണ് തങ്ങൾ കടുത്ത തീരുമാനങ്ങൾ എടുത്തതെന്നും വ്യക്തിബന്ധങ്ങൾക്ക് അവിടെ സ്ഥാനമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദൂരദർശന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോ’യിലാണ് സന്ദീപ് പാട്ടീലിന്റെ തുറന്നുപറച്ചിൽ.
2012 മുതൽ 2016 വരെയുള്ള ഇന്ത്യൻ ക്രിക്കറ്റിലെ നിർണായകമായ പരിവർത്തന ഘട്ടത്തിലാണ് സന്ദീപ് പാട്ടീൽ ചീഫ് സെലക്ടറായിരുന്നത്.
സച്ചിന്റെ വിരമിക്കലും യുവരാജ്, ഗംഭീർ, സഹീർ തുടങ്ങിയവരുടെ പുറത്താകലും ഉൾപ്പെടെ നിരവധി നിർണായക തീരുമാനങ്ങൾ ഈ കാലയളവിലാണ് ഉണ്ടായത്.
ഈ തീരുമാനങ്ങൾ താൻ ഒറ്റയ്ക്ക് എടുത്തതല്ലെന്ന് പാട്ടീൽ പറഞ്ഞു. അഞ്ചംഗ സെലക്ഷൻ കമ്മിറ്റി ഒറ്റക്കെട്ടായി, ഇന്ത്യൻ ക്രിക്കറ്റിന്റെ നന്മ മാത്രം മുൻനിർത്തിയാണ് തീരുമാനങ്ങൾ എടുത്തത്.
താരങ്ങളെ മാറ്റി നിർത്താനോ വിരമിക്കൽ പ്രഖ്യാപിക്കാനോ ഉണ്ടായ യഥാർത്ഥ കാരണങ്ങൾ സച്ചിനും ഗംഭീറിനും യുവരാജിനും സഹീറിനുമെല്ലാം കൃത്യമായി അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സെലക്ടർമാർ എന്ന നിലയിൽ തങ്ങളുടെ പ്രധാന ഉത്തരവാദിത്തം രാജ്യത്തിന്റെയും ബിസിസിഐയുടെയും ഇന്ത്യൻ ക്രിക്കറ്റിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതായിരുന്നുവെന്ന് പാട്ടീൽ പറഞ്ഞു.
താരങ്ങളുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടാകാമെങ്കിലും ടീം തിരഞ്ഞെടുപ്പിൽ അതിന് സ്ഥാനമില്ല.
സൗഹൃദത്തിന്റെ പേരിൽ മാത്രം ഒരാളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ല. മനസ്സില്ലാമനസ്സോടെയാണെങ്കിലും ഇന്ത്യൻ ടീമിന്റെ ഭാവിയെ കരുതി ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും 1983 ലോകകപ്പ് ജേതാവ് കൂടിയായ സന്ദീപ് പാട്ടീൽ കൂട്ടിച്ചേർത്തു.


