മുംബൈ: ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ 33-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കാമുകി മഹിക ശർമ്മ. ഹാർദികിന്റെ ക്രിക്കറ്റ് ജീവിതത്തിലെ ആരും അറിയാത്ത പോരാട്ടകഥയാണ് മഹിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഒരു ബൗളർ എന്ന നിലയിൽ അരങ്ങേറിയ ആദ്യ മത്സരത്തിൽ സ്വന്തമായി ഒരു ജോഡി ബൗളിംഗ് ഷൂ പോലും ഇല്ലാതെയാണ് ഹാർദിക് അഞ്ച് വിക്കറ്റ് വീഴ്ത്തിയതെന്ന് മഹിക കുറിച്ചു.
മഹികയുടെ കുറിപ്പിലെ പ്രധാന കാര്യങ്ങൾ ഇങ്ങനെ:
19 വയസ് വരെ ബറോഡ ടീമിൽ ഹാർദിക് ഒരു ബാറ്റർ മാത്രമായിരുന്നു. ബാറ്റർ എന്ന നിലയിൽ വർഷങ്ങളോളം മികച്ച പ്രകടനം നടത്തിയിട്ടും രാഷ്ട്രീയ ഇടപെടലുകൾ കാരണം ടീമിൽ സ്ഥിര സാന്നിധ്യമാകാൻ കഴിഞ്ഞില്ല.
സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഹാർദിക്കിന് മറ്റ് വിനോദങ്ങൾക്ക് പണം ഇല്ലാത്തതിനാൽ പരിശീലനം കഴിഞ്ഞാലും ഗ്രൗണ്ടിൽ തന്നെ തുടരുമായിരുന്നു. പരിശീലനത്തിന് വരുന്നവർക്ക് പന്തെറിഞ്ഞ് കൊടുത്ത് സമയം ചെലവിട്ടു.
അങ്ങനെയിരിക്കെയാണ് ഒരു സീനിയർ കോച്ച് ഹാർദിക് പന്തെറിയുന്നത് ശ്രദ്ധിക്കുന്നത്. കഴിവ് തിരിച്ചറിഞ്ഞ കോച്ചാണ് അവനെ ബൗളിംഗിലേക്ക് തിരിച്ചുവിട്ടത്. ദിവസങ്ങൾക്കുള്ളിൽ ഓൾറൗണ്ടറായി അരങ്ങേറിയ ഹാർദിക് ആദ്യ മത്സരത്തിൽ തന്നെ 5 വിക്കറ്റ് വീഴ്ത്തി കരിയർ മാറ്റിമറിച്ചു.
പിന്നീട് ഐപിഎല്ലിലേക്കും ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ ടീമിലേക്കും എത്തിയതിനെ കുറിച്ചും മഹിക കുറിപ്പിൽ പറയുന്നു.
“ഒരു സ്വപ്നത്തിനും പോലും ഇങ്ങനെ ഒരു തിരക്കഥ എഴുതാൻ കഴിയില്ല. ഹാർദിക് ഇന്ന് ചെയ്യുന്ന കാര്യത്തിൽ മറ്റാരേക്കാളും മികച്ചവനാണ്,” മഹിക കുറിപ്പ് അവസാനിപ്പിച്ചു.


