ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം വിൻഡീസ് അനായാസമായാണ് മറികടന്നത്.
മത്സരത്തിൽ ഇന്ത്യ തോൽവി നേരിട്ടെങ്കിലും മലയാളി താരം സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ സഞ്ജു 41 പന്തുകളിൽ നിന്നും 82 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. 9 ഫോറുകളും 4 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
ഈ വെടിക്കെട്ട് ഇന്നിംഗ്സോടെ ഇന്റർനാഷണൽ ടി-20യിൽ ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ തവണ 75+ റൺസ് സ്കോർ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും സഞ്ജു കൈപ്പിടിയിലാക്കി. ഈ വർഷം നാലാം തവണയാണ് സഞ്ജു 75 കടക്കുന്നത്.

മുൻ ഇന്ത്യൻ നായകന്മാരായ സൂര്യകുമാർ യാദവ്, രോഹിത് ശർമ്മ എന്നിവർക്കൊപ്പമാണ് നിലവിൽ ഈ നേട്ടത്തിൽ മലയാളി താരം. രോഹിത് 2018ലും സൂര്യകുമാർ 2023ലുമാണ് നാല് തവണ 75+ റൺസ് സ്കോർ ചെയ്തത്. 2026ൽ 5 തവണ 75+ സ്കോർ ചെയ്ത ഇഷാൻ കിഷനാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.
ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് റെക്കോർഡ് റൺ ചെയ്സ് നടത്തിയത്. 45 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്. ഷെർഫാനെ റൂഥർഫോർഡ് 37 പന്തിൽ 84 റൺസും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.
നിലവിൽ പരമ്പരയിലെ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. നാളെ ഇൻഡോറിലാണ് പരമ്പരയിലെ മൂന്നാം മത്സരം.


