കൊച്ചി: മലയാളികൾ എന്നെന്നും നെഞ്ചിലേറ്റുന്ന ‘ഷാർജ ടു ഷാർജ’ എന്ന ചിത്രത്തിലെ ‘പതിനാലാം രാവിന്റെ…’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ രചനാവകാശം തിരികെ നേടാൻ താൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഭൂരിഭാഗം സിനിമാ പ്രേമികളും ഗിരീഷ് പുത്തഞ്ചേരിയുടേതെന്ന് തെറ്റിദ്ധരിച്ച ഈ പാട്ടിന്റെ യഥാർത്ഥ കഥ അദ്ദേഹം വെളിപ്പെടുത്തിയത്.
ഒരു സിനിമയിൽ തന്നെ ഒന്നിലധികം ഗാനരചയിതാക്കൾ പ്രവർത്തിക്കുന്നതിനെക്കുറിച്ചും ക്രെഡിറ്റ് മാറിപ്പോയ സാഹചര്യത്തെക്കുറിച്ചും ഷിബു ചക്രവർത്തി വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
“ഇന്നത്തെപ്പോലെ അന്നും സിനിമകളിൽ ഒന്നിലധികം പേർ പാട്ടെഴുതാറുണ്ട്. ‘ഷാർജ ടു ഷാർജ’യുടെ സ്ക്രിപ്റ്റ് റൈറ്റേഴ്‌സായ എ.കെ. സാജനും എ.കെ. സന്തോഷും മെലഡി ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരിയും അടിപൊളി ഗാനങ്ങൾ ഞാനും എഴുതട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് പാട്ടെഴുത്ത് എനിക്ക് ഫുൾടൈം ജോലിയായിരുന്നില്ല. എന്നാൽ ഗിരീഷ് അന്ന് സിനിമയിൽ സജീവമായി പാട്ടുകൾ എഴുതിക്കൊണ്ടിരുന്ന ആളാണ്.
ഞാൻ വല്ലപ്പോഴും മാത്രം എഴുതുന്ന ആളായതുകൊണ്ട്, സ്വാഭാവികമായും ആ പാട്ടിന്റെ ക്രെഡിറ്റും ഗിരീഷിന്റെ പേരിൽ വന്നു. ഞാൻ അത് തുടക്കത്തിൽ ശ്രദ്ധിച്ചിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞു പാട്ടിന്റെ റോയൽറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ഗിരീഷിന്റെ പേരിലാണ് രചന എന്ന് മനസ്സിലാക്കുന്നത്. പിന്നീട് ഒരുപാട് ബുദ്ധിമുട്ടിയും പരിശ്രമിച്ചുമാണ് ആ ക്രെഡിറ്റ് തിരുത്തി കിട്ടിയത്. പാട്ട് എഴുതിയതിനേക്കാൾ വലിയ സ്ട്രെയിൻ എടുക്കേണ്ടി വന്നു അത് കറക്റ്റ് ചെയ്തെടുക്കാൻ.”
നാല് പതിറ്റാണ്ടിന്റെ സിനിമാ ജീവിതം
1984-ൽ ‘അല്ലിമലർക്കാവ്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന ഷിബു ചക്രവർത്തി, കഴിഞ്ഞ 40 വർഷത്തെ കരിയറിൽ നൂറിലധികം സിനിമകൾക്കായി മുന്നൂറോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പാട്ടെഴുത്തിന് പുറമെ മലയാള സിനിമയിലെ വൻ ഹിറ്റുകളായ ‘മനു അങ്കിൾ’, ‘നായർ സാബ്’, ‘സൈന്യം’, ‘സാമ്രാജ്യം’ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയതും അദ്ദേഹമാണ്.
‘വിണ്ണിലെ ഗന്ധർവ്വ വീണകൾ’, ’ചെമ്പരത്തിപ്പൂവേ ചൊല്ല്’, ’പിച്ചകപ്പൂങ്കാവുകൾക്കപ്പുറം’ തുടങ്ങി എക്കാലവും മലയാളി ഓർത്തു വെക്കുന്ന ഒട്ടനവധി നിത്യഹരിത ഗാനങ്ങൾ ഷിബു ചക്രവർത്തിയുടെ തൂലികയിൽ നിന്ന് പിറന്നവയാണ്.


