മലപ്പുറത്തെ തീവ്രവാദത്തിന്റെയും മതമൗലികവാദത്തിന്റെയും കേന്ദ്രമായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നിട്ടുണ്ട്. കൊളോണിയൽ ഭരണാധികാരികൾ ഊട്ടിയുറപ്പിച്ച മിഥ്യയാണ് ഇപ്പോൾ വർഗീയ വാദികൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ജില്ലക്കെതിരായ അപവാദപ്രചരണങ്ങൾ ചെറുക്കാനാണീ പുസ്തകം’. ‘മലപ്പുറം മിഥ്യയും യാഥാർത്ഥ്യവും’ എന്നപേരിൽ ദേശാഭിമാനി പുറത്തിറക്കിയ പുസ്തകവുമായി ബന്ധപ്പെട്ട് പ്രസാധകർ നടത്തിയിട്ടുള്ള പരാമർശമാണിത്. സി.പി.എം നേതാവും മുൻ എം.എൽ.എ യുമായ പി.നന്ദുകുമാറിൻ്റെ പരാമർശങ്ങൾക്കുപിന്നിലെ ചേതോവികാരത്തിന് അടിവരയിടുന്നതാണീ പ്രസ്താവന. ‘മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല, സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ട് പോകുന്ന കമ്മ്യൂണി സ്റ്റ് പാർട്ടി, പുതിയ കാലത്ത് അതിൻ്റെ രാഷ്ട്രീയ കടമകൾ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കേണ്ടതുണ്ട്’ -എന്നാണ് നന്ദകുമാർ പറഞ്ഞുവെച്ചത്. നന്ദകുമാറിന്റേത് ഒറ്റപ്പെട്ടതോ യാദൃശ്ചികമായി സംഭവിച്ചതോ അല്ലെന്നതിന് എണ്ണിയാലൊടുങ്ങാത്തത്രയുമുള്ള സി.പി.എം നേതാ ക്കളുടെ പ്രസ്താവനകൾ തന്നെ സാക്ഷിയാണ്. മലപ്പുറത്തെ വിദ്യാർത്ഥികൾ വിജയിക്കുന്നത് കോപ്പിയടിച്ചിട്ടാണെന്നുള്ള മുൻമുഖ്യമന്ത്രി യശശരീരനായ വി.എസ് അച്യുതാന്ദന്റെ പ്രസ്താവന മുതൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ മലപ്പുറം ജില്ലയെ അവഹേളിച്ച് ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖം വരെ അതിന്റെ നേർസാക്ഷ്യങ്ങളായുണ്ട്. പത്താം ക്ലാസ് കഴിഞ്ഞാൽ കുട്ടികൾ പഠിക്കാൻ തയാറാകാത്തതുകൊണ്ടാണ് പ്ലസ്.ടു വിന് സീറ്റ് അനുവദിക്കാത്തതെന്ന് കോടതിയിൽ അഫിഡ വിറ്റ് നൽകിയതും സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ തന്നെയായിരുന്നു.
പോളിറ്റ്ബ്യൂറോ മുതൽ ബ്രാഞ്ച് തലം വരെയുള്ള നേതാക്കളും, മുഖ്യമന്ത്രിമുതൽ പഞ്ചായത്തംഗം വരെയുള്ള സി.പി.എം ജനപ്രതിനിധികളും തരാതരംപോലെ നടത്തിക്കൊണ്ടിരിക്കുന്ന ഈ പ്രസ്താവനകൾ മലപ്പുറത്തോടുള്ള സി.പി.എമ്മിൻ്റെ മനോഭാവമാണ് തെളിയിക്കുന്നത്. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയാത്തതുപോലെ എത്ര ഒളിപ്പിച്ച് വെച്ചാലും അറിയാതെ പുറത്തുവന്നു പോകുന്നത്രയും അന്തർലീനമാണ് ആധാരണയെന്നും വർത്തമാന സംഭവങ്ങൾ അടിവരയിടുകയാണ്. മുകളിൽ സൂചിപ്പിച്ചതുപോലെ, മലപ്പുറത്തിൻ്റെ സ്നേഹവും സഹിഷ്ണുതയും സൗഹാർദ്ദവുമെല്ലാം ഒരുതരത്തിലും മായ്ച്ചുകളയാൻ കഴിയാത്തവിധം കോറിയിടപ്പെട്ടതാണെങ്കിലും അതിനു കളങ്കംവീഴ്ത്താനുള്ള ശ്രമങ്ങൾ കാലാകാലങ്ങളായി നടന്നിട്ടുണ്ട്. മലപ്പുറം വിരുദ്ധത ആചാരമായിക്കൊണ്ടുനടക്കുന്ന സംഘ്പരിവാറിനൊപ്പം ഇക്കാര്യത്തിൽ സി.പി.എമ്മിനും നിഷേധിക്കാനാകാത്ത പങ്കുണ്ടന്നതും വസ്തുതയാണ്. ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയ നേട്ടമാണ് ഇരുകൂട്ടരെയും ഏകോതര സഹോദരങ്ങളാക്കിമാറ്റിയത്. ഈ ഇരുതലമൂർച്ചയുള്ള ആയുധം സംഘ്പരിവാർ മടിയും മറയുമില്ലാതെ ഉപയോഗിച്ചപ്പോൾ സി.പി.എം പലപ്പോഴും ഒളിച്ചുകടത്തുകയായിരുന്നു. എതിരാളികളെ രാഷ്ട്രീയമായി നേരിടാൻ കഴിയില്ലെന്ന ഉറപ്പായിരുന്നു തീക്കൊള്ളികൊണ്ടുള്ള തലചൊറിയലിന് അവരെ പ്രേരിപ്പിച്ചത്.
ബാബരി മസ്ജിദിൻ്റെ തകർച്ചക്കുശേഷമുള്ള കേരളത്തിലെയും മലപ്പുറത്തെയും ന്യൂനപക്ഷരാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്തതാൽ ഈ വസ്തുത ബോധ്യപ്പെടാവുന്നതേയുള്ളു. നൂറ്റാണ്ടുകളോളം അഭിപ്രായാന്തരങ്ങളില്ലാതെ ഒരു സമൂഹം ആരാധനാകർമങ്ങൾ നിർവഹിച്ചുപോന്ന ബാബരി മസ്ജിദിന്റെ തങ്കത്താഴികക്കുടങ്ങൾ സംഘ്പരിവാറിനാൽ തച്ചുതകർക്കപ്പെട്ടപ്പോൾ, വൈകാരികവിക്ഷുബ്ധതയിൽ തിളച്ചുമറയുന്ന ഒരു സാഹചര്യത്തെ മുസ്ലിം ലീഗ് പ്രസ്താനം അഭിമുഖീകരിച്ച രംഗം ഇന്ത്യയുടെ മതേതരചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടുകിടക്കുകയാണ്. ആ സന്നിഗ്ധ ഘട്ടത്തിൽ കൈക്കൊണ്ട ധീരോദാത്തമായ തീരുമാനം മാത്രംമതി പാണക്കാട് സയ്യിദ് മുഹമ്മദലി ശി ഹാബ്തങ്ങളെന്ന യുഗപുരുഷൻ്റെ മഹത്വം മനസ്സിലാക്കാൻ. ലാഭ നഷ്ടങ്ങളുടെ കണക്കുപുസ്തകം മറിച്ചുനോക്കിയിട്ടല്ലായിരുന്നു നിലപാടിൻ്റെ ആ രാജകുമാരൻ നിലകൊണ്ടത്. നാടിൻ്റെ ഭൂതവും ഭാവിയും വർത്തമാനവും ഒരുപോലെ കടപ്പെട്ട തീരുമാനം മുസ്ലിം ലീഗ് കൈക്കൊണ്ടപ്പോൾ പുരകത്തുന്നതിനിടയിൽ വാഴവെട്ടുകൾന്നു സി.പി.എം. വൈകാരിക വിക്ഷുബ്ധതയെ വോട്ടാക്കി മാറ്റാനുള്ള നെട്ടോട്ടത്തിൽ പാർട്ടിയുടെ നയനിലപാടുകൾക്കെല്ലാം അവധികൊടുക്കുകയും വിഭാഗീയത ആളിക്കത്തിക്കാൻ ഊക്കോടെ ഊതിക്കൊണ്ടിരിക്കുകയുമായിരുന്നു. അതുവഴിയുള്ള താൽക്കാലിക ലാഭം മലപ്പുറത്തും മലബാറിലും സി.പി.എമ്മിനു ലഭിക്കുകയും ചെയ്തിട്ടുണ്ട്.
സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ശ്രമങ്ങൾ പിന്നീടുമുണ്ടായിട്ടുണ്ടെങ്കിലും സമുദായവും സമൂഹവുമെല്ലാം അതിനെ പുറങ്കാൽകൊണ്ടു തട്ടിമാറ്റുക മാത്രമല്ല, ഉള്ളൻകാലുകൊണ്ട് ചവിട്ടിമെതിക്കുകയു മായിരുന്നു. വിഭാഗീയതയുടെ ദുർഭൂതത്തെ അരിയിട്ടുവായിച്ച ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേട് വന്നത് അതുകൊണ്ടാണ്. ഏതായാലും തിരുത്തലിനുവേണ്ടിയുള്ള ശ്രമങ്ങൾ ഈ രീതിയിലാണെങ്കിൽ മതേതരത്വത്തിൻ്റെ മഹാമാതൃകയായ മണ്ണിലും ഉപ്പുവെച്ച കലമായി മാറാൻ സി.പി.എമ്മിന് അധികം കാത്തുനിൽക്കേണ്ടിവരില്ല.


