വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അവസാന ഏകദിനത്തിൽ രോഹിത് ശർമയ്ക്ക് സെഞ്ച്വറി നേടാൻ സാധിക്കാത്തതിന്റെ നിരാശ പങ്കുവച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. രോഹിത് വിരമിക്കുമ്പോൾ പ്രായത്തേക്കാൾ കൂടുതൽ സെഞ്ച്വറി നേടുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഗവാസ്കർ പറഞ്ഞത്.
‘രോഹിത് 92 റൺസിൽ പുറത്തായപ്പോൾ എനിക്ക് വിഷമമായി. 2027 ലോകകപ്പിന് ശേഷം അദ്ദേഹം വിരമിച്ചേക്കും. വിരമിക്കുന്ന സമയങ്ങളിൽ തന്റെ പ്രായത്തെക്കാൾ കൂടുതൽ ഏകദിന സെഞ്ച്വറി അദ്ദേഹത്തിന് ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഈ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നെകിൽ അത് അദ്ദേഹത്തിന്റെ 36ാം സെഞ്ച്വറി ആവുമായിരുന്നു. വിരമിക്കുന്ന പ്രായത്തിനേക്കാൾ കൂടുതൽ സെഞ്ച്വറികൾ ഒരു താരം നേടുന്നത് ഇപ്പോഴും എനിക്ക് പ്രിയപ്പെട്ട കാര്യമാണ്’ ഗവാസ്ക്കർ ജിയോസ്റ്റാറിലൂടെ പറഞ്ഞു.
വിൻഡീസിനെതിരെയുള്ള അവസാന ഏകദിനത്തിൽ സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ രോഹിത് പുറത്താവുകയായിരുന്നു. മത്സരത്തിൽ ഒരു ചരിത്ര നേട്ടവും സ്വന്തമാക്കിയാണ് രോഹിത് മടങ്ങിയത്. ഏകദിനത്തിൽ ഓപ്പണറായി 10,000 റൺസ് പൂർത്തിയാക്കിയാണ് ഹിറ്റ്മാൻ പുതിയ നാഴികക്കല്ല് പിന്നിട്ടത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അവസാന ഏകദിനത്തിലാണ് രോഹിത്തിന്റെ നേട്ടം. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരവും രോഹിത് തന്നെയാണ്.
വെറും 202 ഇന്നിങ്സിൽ നിന്നുമാണ് താരത്തിന്റെ നേട്ടം. സച്ചിൻ ടെണ്ടുൽക്കറെയാണ് രോഹിത് ഈ നേട്ടത്തിൽ മറികടന്നത്. സച്ചിൻ 214 ഇന്നിംഗ്സുകളിൽ നിന്നുമായിരുന്നു ഓപ്പണറായി 10,000 റൺസ് നേടിയിരുന്നത്.
ഇന്ത്യക്കെതിരെയുള്ള അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ആശ്വാസ ജയം സ്വന്തമാക്കിയിരുന്നു. അഞ്ച് വിക്കറ്റിനാണ് വിൻഡീസിന്റെ ജയം. ഇന്ത്യ ഉയർത്തിയ 351 റൺസ് 48.2 ഓവറിൽ വിൻഡീസ് മറികടന്നു.
ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി മികവിലാണ് വിൻഡീസിന്റെ ജയം. 143 പന്തിൽ പുറത്താവാതെ 163 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്. 17 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്.


