ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ സ്ഥിരമായി ഇടം നേടാനായി ഓൾ റൗണ്ടർ നമൻ ധീറിന് നിർണായകമായ ഉപദേശം നൽകി മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. നമൻ ധീർ ബൗളിംഗ് കൂടുതൽ മെച്ചപ്പെടുത്തണമെന്നാണ് പൂജാര പറഞ്ഞത്. ബൗളിംഗിൽ താരം കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നും പൂജാര അഭിപ്രായപ്പെട്ടു.
‘അവൻ ബൗളിംഗിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഏകദിനത്തിൽ അഞ്ചോ ആറോ ഓവറുകൾ എറിയണമെങ്കിൽ അവൻ ബൗളിംഗ് കൂടുതൽ മെച്ചപ്പെടുത്തണം. എങ്കിലും ഈ പരമ്പരയിൽ മികച്ച രീതിയിൽ അവൻ പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ പ്ലെയിങ് ഇലവനെ ഭാഗമാവണമെങ്കിൽ അവൻ തന്റെ ബൗളിംഗിൽ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും’ പൂജാര സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു.
വിൻഡീസ് പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച നമൻ ധീർ മൂന്ന് മത്സരങ്ങളിൽ 30 റൺസും ഒരു വിക്കറ്റും നേടി.
അവസാന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിനാണ് വിൻഡീസിന്റെ ജയം. ഇന്ത്യ ഉയർത്തിയ 351 റൺസ് 48.2 ഓവറിൽ വിൻഡീസ് മറികടന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി മികവിലാണ് വിൻഡീസിന്റെ ജയം. 143 പന്തിൽ പുറത്താവാതെ 163 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്. 17 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്.


