ഏഷ്യൻ ഗെയിംസ് മെൻസ് ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ ഗോൾഡ് മെഡൽ നേട്ടത്തിന് പിന്നാലെ ഫൈനലിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ താരം ശിവം ദുബെയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ദുബെക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട ചോപ്ര താരത്തിന്റെ സിക്സുകൾ നേടാനുള്ള കഴിവിനെ കുറിച്ചും സംസാരിച്ചു.
‘അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന് ഞാൻ കരുതുന്നു. സിക്സറുകൾ നേടാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ട്. വളരെ നിസാരമായാണ് അവൻ സ്പിന്നർമാർക്കെതിരെ സിക്സുകൾ നേടുന്നത്. ടീമിലെ മറ്റുള്ള താരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഇന്നിംഗ്സ് പ്ലാൻ ചെയ്ത് കളിക്കാനും അവന്റെ ഈ ബാറ്റിംഗ് സഹായിക്കുന്നുണ്ട്. 2026 ലോകകപ്പിലും ഇന്ത്യ ഇതാണ് ചെയ്തത്’ ആകാശ് ചോപ്ര ക്രിക് ഇൻഫോയിലൂടെ പറഞ്ഞു.
2026 ഏഷ്യൻ ഗെയിംസ് കലാശപ്പോരിൽ പാകിസ്ഥാനെ 19 റൺസിന് വീഴ്ത്തിയാണ് ഇന്ത്യയുടെ സ്വർണ നേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക് ഇന്നിംഗ്സ് 192 റൺസിൽ അവസാനിച്ചു.
അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും അർധ സെഞ്ച്വറി മികവിലാണ് കൂറ്റൻ ടോട്ടൽ സ്വന്തമാക്കിയത്.
മത്സരത്തിൽ 28 പന്തിൽ 61 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. മൂന്ന് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഫിനിഷറായി ഇറങ്ങി 22 പന്തിൽ 51 റൺസ് നേടിയാണ് തിലക് ഇന്ത്യൻ സ്കോർ 200 കടത്തിയത്.
3 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. ശിവം ദുബെ 27 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 21 റൺസും ഇഷാൻ കിഷൻ 20 റൺസും നേടി ടീമിന് മികച്ച സംഭാവനകൾ നൽകി.
ഇന്ത്യൻ ബൗളിംഗിൽ അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാനിൽ നിന്നും വിജയം പിടിച്ചെടുത്തു.
പാക് നിരയിൽ 96 റൺസ് നേടി ഹസൻ നവാസ് പൊരുതി. 5 ഫോറുകളും 7 സിക്സുകളും ആയിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
പാക് ബൗളിങ്ങിൽ അഹമ്മദ് ഡാനിയൽ, അറഫാത്ത് മിൻഹാസ് എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ അബ്രാർ അഹമ്മദ്, സെയ്ം അയൂബ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.


