ഇന്ത്യക്കെതിരെയുള്ള അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ആശ്വാസ ജയം സ്വന്തമാക്കി. അഞ്ച് വിക്കറ്റിനാണ് വിൻഡീസിന്റെ ജയം. ഇന്ത്യ ഉയർത്തിയ 351 റൺസ് 48.2 ഓവറിൽ വിൻഡീസ് മറികടന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി മികവിലാണ് വിൻഡീസിന്റെ ജയം. 143 പന്തിൽ പുറത്താവാതെ 163 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്. 17 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്.
ഏകദിനത്തിൽ ഇന്ത്യക്കെതിരെ ചെയ്സിങ് ചെയ്യുന്ന മത്സരങ്ങളിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന താരമായും ഹോപ്പ് റെക്കോഡിട്ടു. ശ്രീലങ്കൻ ഇതിഹാസം തിലക് രത്നെ ദിൽഷനെ മറികടന്നാണ് വിൻഡീസ് ക്യാപ്റ്റൻ ഒന്നാമനായത്. 2009ൽ ഇന്ത്യക്കെതിരെ 160 റൺസായിരുന്നു ദിൽഷൻ നേടിയിരുന്നത്.
ഹോപ്പിന്റെ സെഞ്ച്വറിക്കൊപ്പം ആമിർ ജാങ്കോയുടെ അർദ്ധ സെഞ്ച്വറിയും വിൻഡീസ് വിജയത്തിൽ നിർണായകമായി.
ഇന്ത്യക്ക് വേണ്ടി കെ.എൽ രാഹുൽ സെഞ്ച്വറി നേടി. 129 റൺസുമായി പുറത്താകാതെ നിന്ന കെ.എൽ. രാഹുലിന്റെ ഇന്നിങ്സാണ് ഇന്ത്യൻ സ്കോറിന് കരുത്തായത്. എകദിന ഫോർമാറ്റിൽ രാഹുലിന്റെ കരിയറിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.
രോഹിത് ശർമ്മ 9ർ റൺസും ഋതുരാജ് ഗെയ്ക്വാദ് 57 റൺസും നേടി ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു.


