വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അവസാന ഏകദിനത്തിൽ നിരാശപ്പെടുത്തി വിരാട് കോലി. മൂന്നാം ഏകദിനത്തിൽ നേരിട്ട് ആദ്യ പന്തിൽ തന്നെ കോലി പുറത്തായി. ജെയ്ഡൻ സീൽസിന്റെ പന്തിൽ കോലി ക്ലീൻ ബൗൾഡായി മടങ്ങുകയായിരുന്നു.
ഇന്റർനാഷണൽ ക്രിക്കറ്റിൽ 41ാം തവണയാണ് കോലി ഡക്കായി മടങ്ങുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താവുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും കോലിയുടെ പേരിലായി. മുൻ പേസർ ഇഷാന്ത് ശർമയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വിരാട് ഈ മോശം പട്ടികയിൽ രണ്ടാമനായത്.
സഹീർ ഖാനാണ് ഈ പട്ടികയിൽ ഒന്നാമൻ. 43 തവണയാണ് മുൻ പേസർ പൂജ്യത്തിന് മടങ്ങിയത്. ഹർഭജൻ സിംഗ്(37), ജസ്പ്രീത് ബുംറ(37), അനിൽ കുംബ്ലെ(35), രോഹിത് ശർമ്മ(34), സച്ചിൻ ടെണ്ടുൽക്കർ(34) എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റ് താരങ്ങൾ.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നേരത്തെ ഇന്ത്യ സീരിസ് വിജയം ഉറപ്പാക്കിയിരുന്നു. ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.


