ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ക്യാമ്പ് വിട്ട് പോയതിൽ നിരാശ രേഖപ്പെടുത്തി ഫ്രഞ്ച് ഇതിഹാസം ഫ്രാങ്ക് ലെബോഫ്. റൊണാൾഡോയെ പോലൊരു വലിയ താരത്തിന്റെ കരിയറിന്റെ അവസാനം ഇങ്ങനെ അവരുതെന്നാണ് ലെബോഫ് അഭിപ്രായപ്പെട്ടത്.
‘ഇതുപോലൊരു അവസാനം നമുക്ക് കാണാൻ സാധിക്കില്ല. അദ്ദേഹത്തെ പോലൊരു വലിയ താരത്തിന് ഇതാകരുത് കരിയറിന്റെ അവസാനം. എപ്പോഴാണ് താൻ കരിയർ അവസാനിപ്പിക്കേണ്ടതെന്ന് അദ്ദേഹം തന്നെ തീരുമാനിക്കണം. ഇത് എന്റെ അവസാന മത്സരമാണ് എല്ലാവർക്കും നന്ദി വിട എന്ന് സ്വയം പറയണം.
മെസി വിരമിക്കുമ്പോൾ അവർ നൽകുന്നത് പോലെ വലിയ ആദരവോടെ യാത്രയയപ്പ് നൽകണം. അദ്ദേഹം അത് അർഹിക്കുന്നുണ്ട്. എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന അവസാനമാണത്. അല്ലാതെ പിന്മാറ്റമല്ല. ഇപ്പോൾ നടക്കുന്നത് പോലെ സംഭവിക്കുകയാണെങ്കിൽ അത് വളരെ സങ്കടകരമാണ്. അങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ ഫ്രാങ്ക് ലെബോഫ് ഇ.എസ്.പി.എൻ എഫ്.സിയിലൂടെ പറഞ്ഞു.
പോർച്ചുഗൽ ടീമിൽ ആദ്യ ഇലവനിൽ അവസരം നൽകില്ലെന്ന് മുഖ്യ പരിശീലകൻ ജോർജ് ജീസസ് വ്യക്തമാക്കിയതിനെ തുടർന്നാണ് റൊണാൾഡോ പരിശീലന ക്യാമ്പ് വിട്ടു മടങ്ങിയത്.
കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ, വരാനിരിക്കുന്ന മത്സരത്തിൽ 41-കാരനായ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തില്ലെന്നും ആവശ്യമായി വന്നാൽ മാത്രം സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കുമെന്നും ജീസസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീം വിടാൻ തീരുമാനിച്ചത്.
കഴിഞ്ഞ ഞായറാഴ്ച ഓസ്ലോയിൽ നോർവേയ്ക്കെതിരെ പോർച്ചുഗൽ 2-1 ന് വിജയിച്ച മത്സരത്തിൽ റൊണാൾഡോയ്ക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലായിരുന്ന താരം മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ നേരിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനുമായുള്ള ഭിന്നത രൂക്ഷമായത്.


