പോർച്ചുഗൽ ദേശീയ ടീം ക്യാമ്പിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തുപോയതിന് പിന്നാലെ, മുഖ്യ പരിശീലകൻ ജോർജ് ജീസസിനെതിരെ കടുത്ത വിമർശനവുമായി ആരാധകർ.
യുവേഫ നേഷൻസ് ലീഗിൽ ഡെൻമാർക്കിനെതിരായ മത്സരത്തിന് മുന്നോടിയായി ജീസസ് പങ്കുവെച്ച ഇൻസ്റ്റാഗ്രാമിലെ പുതിയ പോസ്റ്റിന് താഴെ 55,000-ത്തിലധികം കമന്റുകളാണ് ആരാധകർ രേഖപ്പെടുത്തിയിരിക്കുന്നത്.
ക്യാമ്പിലെ അസ്വാരസ്യങ്ങളും വിവാദങ്ങളും
കഴിഞ്ഞയാഴ്ച ഓസ്ലോയിൽ നോർവേയ്ക്കെതിരായ മത്സരത്തിൽ (2-1 വിജയം) ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മത്സരത്തിനിടെ ഏകദേശം 30 മിനിറ്റോളം കളത്തിനിറങ്ങാനായി വാംഅപ്പ് നടത്തിയിട്ടും അഞ്ച്തവണ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡോയെ കളത്തിലിറക്കാൻ പരിശീലകൻ തയ്യാറായിരുന്നില്ല.
ഇത് താരത്തെ പ്രകോപിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോയെങ്കയും പരിശീലകൻ ജോർജ് ജീസസും റൊണാൾഡോയുമായി ചർച്ചകൾ നടത്തിയെങ്കിലും, ടീമിലെ അദ്ദേഹത്തിന്റെ റോളിനെച്ച ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെട്ടില്ല.
തന്റെ പത്രസമ്മേളനത്തിലെ വാഗ്ദാനങ്ങൾ പരിശീലകൻ ലംഘിച്ചുവെന്നും, ഇതേതുടർന്നാണ് താൻ ദേശീയ ടീം ക്യാമ്പ് വിടാൻ തീരുമാനിച്ചതെന്നും റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നിലെ യഥാർത്ഥ സത്യം ഉചിതമായ സമയത്ത് തുറന്നുപറയുമെന്നും താരം കൂട്ടിച്ചേർത്തിരുന്നു.
ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞ് ആരാധകരുടെ പ്രതിഷേധം
ഡെൻമാർക്കിനെതിരായ നിർണ്ണായക മത്സരത്തിന് മുന്നോടിയായി “ശക്തമായ ഒരു ടീം ചലനാത്മകത കെട്ടിപ്പടുക്കുന്നതിന് ഈ പരിശീലന ദിവസങ്ങൾ അത്യാവശ്യമാണ്” എന്ന് കാണിച്ച് ജോർജ് ജീസസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
എന്നാൽ ഇതിന് താഴെ റൊണാൾഡോയെ ഒഴിവാക്കിയ നടപടിയിൽ അമർഷം പ്രകടിപ്പിച്ച് ആയിരക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയത്.
“റൊണാൾഡോ ഇല്ലാതെ നീ ആരാണ്?” എന്ന രീതിയിലുള്ള കടുത്ത കമന്റുകളാണ് ആരാധകർ പോസ്റ്റിന് താഴെ നിറച്ചത്.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം പോർച്ചുഗൽ ഫുട്ബോളിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.


