നിഷിന് (ജപ്പാന്): ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലില്‍ ശ്രീലങ്കയെ 124 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക, ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പതറി 9.5 ഓവറില്‍ വെറും 45 റണ്‍സിന് ഓള്‍ഔട്ടായി.
ശനിയാഴ്ച നടക്കുന്ന ആവേശകരമായ സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. വെങ്കല മെഡലിനായി ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും.
ബുംറയുടെ ഇരട്ടപ്രഹരം, മാസ്മരിക ക്യാച്ചുമായി സഞ്ജു
170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ഇന്ത്യ തിരിച്ചടിയേകി.
ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ സിനേത് ജയവര്‍ദ്ധനെയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി ജസ്പ്രീത് ബുംറ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.
അഞ്ചാം പന്തില്‍ സോഹന്‍ ഡി ലിവേറയെ ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇടത്തോട്ട് പറന്ന് ഒറ്റക്കൈയില്‍ ഉഗ്രൻ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ലങ്ക ഞെട്ടി.
തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ലസിത് ക്രൂസ്പുല്ലെയെ രവി ബിഷ്ണോയിയുടെ നേരിട്ടുള്ള ത്രോ റണ്ണൗട്ടാക്കിയതോടെ ലങ്ക 2 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നു.
തുടര്‍ന്ന് നാലാം ഓവറിലെത്തിയ അക്സര്‍ പട്ടേല്‍, ക്യാപ്റ്റന്‍ സഹന് അരച്ചിഗെയെയും (9) അഷൻ ബണ്ഡാരയെയും (0) പുറത്താക്കിയതോടെ ലങ്കൻ സ്കോർ 18-5 ലേക്ക് കൂപ്പുകുത്തി.
രണ്ടക്കം കടന്നത് ഒരാള്‍ മാത്രം
പവര്‍ പ്ലേയ്ക്ക് ശേഷം വാഷിംഗ്ടണ്‍ സുന്ദറിനെ രണ്ട് സിക്സറിന് പറത്തി നുവാനിന്ദു ഫെര്‍ണാണ്ടോ (11 പന്തില്‍ 15) ചെറുത്തുനില്പിന് ശ്രമിച്ചെങ്കിലും റണ്ണൗട്ടായി മടങ്ങി. ലങ്കൻ നിരയില്‍ രണ്ടക്കം കടന്ന ഏക ബാറ്ററും ഫെര്‍ണാണ്ടോയാണ്.
വാനുജ സഹനെ (1) വാഷിംഗ്ടണ്‍ സുന്ദറും പുറത്താക്കി. അവസാന രണ്ട് വിക്കറ്റുകള്‍ തുടര്‍ച്ചയായ പന്തുകളില്‍ വീഴ്ത്തി അഭിഷേക് ശര്‍മ ശ്രീലങ്കന്‍ ഇന്നിംഗ്സിന് തിരശ്ശീലയിട്ടു.
ഇന്ത്യക്കായി അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ലങ്കൻ നിരയിലെ മൂന്ന് താരങ്ങള്‍ റണ്ണൗട്ടായി.
ഇഷാന്റെ അർദ്ധസെഞ്ചുറി, തിളങ്ങി വൈഭവ്
നേരത്തെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു.
മുൻനിര ബാറ്റർമാരായ അഭിഷേക് ശർമ്മ (7), സഞ്ജു സാംസൺ (7), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (13), തിലക് വർമ്മ (3) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഒരറ്റത്ത് വിക്കറ്റ് വീഴാതെ കാത്ത ഇഷാൻ കിഷന്റെയും, ഓപ്പണർ വൈഭവ് സൂര്യവംശിയുടെയും ബാറ്റിംഗാണ് ഇന്ത്യയെ രക്ഷിച്ചത്.
കൗമാരതാരം വൈഭവ് 21 പന്തില്‍ 38 റണ്‍സെടുത്ത് വെടിക്കെട്ട് തുടക്കം നല്കിയപ്പോള്, 46 പന്തില്‍ 4 ഫോറും 5 സിക്സറുമടക്കം 80 റണ്‍സുമായി ഇഷാന് കിഷൻ പുറത്താകാതെ നിന്ന് ഇന്ത്യയെ 20 ഓവറില്‍ 169-7 എന്ന മികച്ച സ്കോറിലെത്തിച്ചു.


