അടുക്കളയിൽ ശല്യമായി മാറിയ ഈച്ചകളെ തുരത്താൻ ഇനി പോക്കറ്റ് കാലിയാക്കുന്ന കെമിക്കൽ റിപ്പല്ലന്റുകൾ വാങ്ങി കൂട്ടേണ്ട. പകരം വീട്ടിൽ തന്നെയുള്ള ചില ചേരുവകൾ ഉപയോഗിച്ച് ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാം!
ഈച്ചശല്യം ഒരേസമയം വലിയൊരു ആരോഗ്യപ്രശ്നവും കടുത്ത മാനസിക അസ്വസ്ഥതയുമാണ് ഉണ്ടാക്കാറുള്ളത്. വിപണിയിൽ നിന്നും വാങ്ങുന്ന വിലകൂടിയ കെമിക്കൽ റിപ്പല്ലന്റുകളും സ്പ്രേകളും ശ്വസിക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
എന്നാൽ അടുക്കളയിലെ തികച്ചും സാധാരണമായ ചില സാധനങ്ങൾ കൊണ്ട് ഈച്ചകളെ എളുപ്പത്തിൽ വീഴ്ത്താൻ സാധിക്കും.
ആവശ്യമായ ചേരുവകൾ:
ആപ്പിൾ സിഡാർ വിനാഗിരി – 1/2 കപ്പ് (ഇതിന്റെ പുളിച്ച മണം ഈച്ചകളെ വേഗത്തിൽ ആകർഷിക്കും)
ലിക്വിഡ് ഡിഷ് സോപ്പ് – 1 ടേബിൾ സ്പൂൺ (പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഏത് ലിക്വിഡും ഉപയോഗിക്കാം)
ചൂടുവെള്ളം – 1/4 കപ്പ്
തയ്യാറാക്കുന്ന വിധവും ഉപയോഗിക്കേണ്ട രീതിയും:
മിശ്രിതം തയ്യാറാക്കാം: ഒരു ബൗളിലേയ്ക്ക് അര കപ്പ് ആപ്പിൾ സിഡാർ വിനാഗിരിയും കാൽ കപ്പ് ചൂടുവെള്ളവും ഒഴിക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ലിക്വിഡ് സോപ്പ് ചേർക്കാം. മിശ്രിതം അധികം ഇളക്കി പതപ്പിക്കരുത്; സോപ്പ് മുകളിൽ ഒരു പാട പോലെ കിടക്കുന്നതാണ് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുക.
ട്രാപ്പ് സെറ്റ് ചെയ്യാം:
പാത്രം പ്ലാസ്റ്റിക് കവർ (Wrap) കൊണ്ട് നന്നായി മൂടി അതിൽ ഈർക്കിലിയോ ടൂത്ത് പിക്കോ ഉപയോഗിച്ച് ചെറിയ സുഷിരങ്ങൾ ഇടുക.
വെക്കേണ്ട സ്ഥലങ്ങൾ:
അടുക്കളയിലെ സിങ്ക്, ജനലുകൾക്ക് സമീപം, ഡൈനിംഗ് ടേബിൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇത് തുറന്നു വെക്കാം.
പ്രവർത്തിക്കുന്ന രീതി:
വിനാഗിരിയുടെ മണത്തിൽ ആകർഷിക്കപ്പെട്ട് സുഷിരങ്ങളിലൂടെ അകത്തു കടക്കുന്ന ഈച്ചകൾ ഡിഷ് സോപ്പിന്റെ സാന്നിധ്യം കാരണം തിരികെ പറക്കാനാകാതെ ദ്രാവകത്തിൽ താഴുന്നു.
പാത്രത്തിൽ ഈച്ചകൾ നിറയുമ്പോൾ മിശ്രിതം മാറ്റി പുതിയത് തയ്യാറാക്കി വെക്കുക. വിഷകരമായ രാസവസ്തുക്കളില്ലാതെ അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ഈ ലളിതമായ പൊടിക്കൈ സഹായിക്കും!


