ഓസ്ലോ: യുവേഫ നേഷൻസ് ലീഗിൽ നോർവേക്കെതിരായ മത്സരത്തിനിടെ ആഴ്സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാഡിനെതിരെ പരുക്കൻ ടാക്കിൾ നടത്തിയ സംഭവത്തിൽ പ്രതികരണവുമായി പോർച്ചുഗൽ താരം ബെർണാഡോ സിൽവ.
സിൽവക്ക് ചുവപ്പ് കാർഡ് ലഭിക്കേണ്ടിയിരുന്ന ഫൗളാണെന്ന വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ്, “എന്റെ സുഹൃത്തേ, ഇത് ഫുട്ബോൾ ആണ്” എന്ന നാല് വാക്കുകളിലൂടെ സിൽവ വിവാടങ്ങളെ നിസ്സാരവൽക്കരിച്ചത്.
പോർച്ചുഗൽ 2-1 വിജയിച്ച മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു വിവാദ സംഭവം. മത്സരത്തിന്റെ 87-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ 32 കാരനായ സിൽവ, കളിയുടെ അവസാന ഘട്ടത്തിൽ ആഴ്സണൽ താരമായ ഒഡെഗാഡിനെ ശക്തമായ ടാക്കിളിലൂടെ വീഴ്ത്തുകയായിരുന്നു.
ടാക്കിളിനെ തുടർന്ന് വേദനകൊണ്ട് പുളഞ്ഞ ആഴ്സണൽ താരം ചികിത്സ തേടി. മത്സരശേഷം നോർവേ ടീം ബസിലേക്ക് ഒഡെഗാർഡ് മുടന്തിയാണ് കയറിപ്പോയത്.
സിൽവക്ക് എതിരെ നോർവേ താരങ്ങളുടെ രൂക്ഷ വിമർശനം
സിൽവയുടെ ടാക്കിൾ വളരെ മോശവും മനപ്പൂർവ്വമുള്ളതുംമാണെന്ന് നോർവേ പ്രതിരോധ താരം ലിയോ ഓസ്റ്റിഗാർഡ് തുറന്നടിച്ചു.
പോർച്ചുഗൽ താരത്തിന് ആ ടാക്കിളിന് നേരിട്ട് ചുവപ്പ് കാർഡ് ലഭിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരായ ഫൗളിനെതിരെ കടുത്ത അമർഷമാണ് ആഴ്സണൽ നായകൻ മാർട്ടിൻ ഒഡെഗാർഡ് മത്സരശേഷം പ്രകടിപ്പിച്ചത്.
“എന്റെ കണങ്കാലിന് ശക്തമായ ഇടിയാണ് കിട്ടിയത്. പന്ത് ഞാൻ തട്ടിക്കളഞ്ഞ് വളരെ നേരം കഴിഞ്ഞാണ് അവൻ എന്നെ ചവിട്ടി വീഴ്ത്തിയത്. അവൻ എന്താണ് ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല.
ഇത്തരം കാര്യങ്ങൾ ഫുട്ബോൾ മൈതാനത്തിന് ചേർന്നതല്ല,” എന്ന് ഒഡെഗാർഡ് പ്രതികരിച്ചു. തനിക്ക് സാരമായ പരിക്കേറ്റതായും വരും ദിവസങ്ങളിൽ മാത്രമേ കണങ്കാലിന്റെ അവസ്ഥ വ്യക്തമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മത്സരശേഷം മിക്സഡ് സോണിൽ വെച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച ബെർണാഡോ സിൽവ, വിമർശനങ്ങളെ പാടേ തള്ളിക്കളയുകയായിരുന്നു.
ഇതൊരു സാധാരണ ഫുട്ബോൾ മത്സരത്തിലെ സംഭവങ്ങൾ മാത്രമാണെന്ന നിലപാടിലാണ് പോർച്ചുഗൽ ക്യാമ്പും. പോർച്ചുഗൽ താരം ഗോൺസാലോ റാമോസും സിൽവയുടെ വാദത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
നേഷൻസ് ലീഗിൽ വെയ്ൽസിനെതിരെ മത്സരമുള്ള നോർവേ, തുടർന്ന് ഞായറാഴ്ച വീണ്ടും ബെർണാഡോ സിൽവയുടെ പോർച്ചുഗലിനെ നേരിടാൻ ഒരുങ്ങുകയാണ്. ഈ മത്സരത്തിലും ഇരുതാരങ്ങളും തമ്മിലുള്ള പോരാട്ടം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.


