ഏകദിനത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഇതിഹാസം വിരാട് കോലി. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ വൈറ്റ് ബോൾ ഫോർമാറ്റിൽ സ്വന്തം മണ്ണിൽ 7000 റൺസ് പൂർത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ താരമായാണ് വിരാട് മാറിയത്.
ഇന്ത്യയിൽ 131 ഏകദിന മത്സരങ്ങളിൽ നിന്നുമാണ് വിരാട് ഇത്രയധികം റൺസ് സ്വന്തമാക്കിയത്. സച്ചിൻ ടെണ്ടുൽക്കറിന് പോലും കൈവരിക്കാനാവാത്ത നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഇന്ത്യയിൽ 154 ഏകദിനത്തിൽ നിന്നും 6976 റൺസാണ് സച്ചിന്റെ സമ്പാദ്യം.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 88 പന്തിൽ പുറത്താവാതെ 139 റൺസ് നേടിയാണ് കോലി ടീമിന് വിജയം സമ്മാനിച്ചത്. 10 ഫോറുകളും 9 സിക്സുകളും കോലിയുടെ ബാറ്റിൽ നിന്നും പിറന്നു.
ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറിയും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. 108 പന്തിൽ 13 ഫോറുകളും ഒരു സിക്സും അടക്കം 110 റൺസാണ് ഗിൽ നേടിയത്. വിൻഡീസ് ഉയർത്തിയ 295 റൺസ് ഇന്ത്യൻ സംഘം രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
വിൻഡീസ് നിരയിൽ തിളങ്ങിയത് ജസ്റ്റിൻ ഗ്രീവ്സാണ്. 108 പന്തുകളിൽ 101 റൺസാണ് താരം നേടിയത്. 12 ഫോറുകൾ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. അമീർ ജാങ്കോ 58 റൺസും നേടി.
ഇന്ത്യൻ ബൗളിംഗിൽ കുൽദീപ് യാദവ് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകളും നിതീഷ് കുമാർ റെഡ്ഢി ഒരു വിക്കറ്റും നേടി.


