2027 ഐസിസി ഏകദിന ലോകകപ്പിന് ശേഷം ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് തുറന്നുപറഞ്ഞരിക്കുകയാണ് സൂപ്പർതാരം വിരാട് കോഹ്ലി. ഇന്ത്യക്കായി കളിക്കുന്ന തന്റെ അവസാന ലോകകപ്പായിരിക്കും 2027ലേതെന്നാണ് വിരാട് വ്യക്താമാക്കിയത്.
‘2027ലേത് വിദേശത്ത് നടക്കുന്ന ലോകകപ്പാണ്. അതിന് വേണ്ടി ഞാൻ ഒരുപാട് കാര്യങ്ങൾ ത്യജിക്കേണ്ടി വരും. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എന്റെ അവസാന ലോകകപ്പാണിതെന്ന ചിന്തയാണ് എനിക്ക് പ്രചോദനം നൽകുന്നത്. അതിനാൽ മത്സരത്തിൽ എല്ലാം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്’ കോഹ്ലി ജിയോസ്റ്ററിലൂടെ പറഞ്ഞു.
ടി-20 ഫോർമാറ്റിനെക്കാളും ഏകദിന ഫോർമാറ്റിൽ നിലനിൽക്കുന്ന വെല്ലുവിളികളെക്കുറിച്ചും കോഹ്ലി സംസാരിച്ചു.
‘ഏകദിന ലോകകപ്പിന്റെ സമ്മർദ്ദവും ആവേശവും വളരെ വലുതാണ്. ഒരു ടി-20 മത്സരത്തിന്റെ തീവ്രതയേക്കാൾ കൂടുതലായിരിക്കും ഇത്. ഒരു ദിവസത്തിൽ ഏകദേശം രണ്ടര ടി-20 മത്സരങ്ങൾ കളിക്കുന്നതിന് തുല്യമാണ് ഒരു ഏകദിന മത്സരം കളിക്കുമ്പോൾ വേണ്ടി വരുന്നത്. ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റിൽ 10 മത്സരങ്ങളിലും ഇതേ തീവ്രത നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയാണ്’ കോഹ്ലി കൂട്ടിച്ചേർത്തു.
ടി-20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച കോഹ്ലി നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ലോകകപ്പ് വിജയിച്ചുകൊണ്ട് ഒരു കിരീടം കൂടി തന്റെ പേരിലാക്കി മാറ്റി ഇന്റർനാഷണൽ ക്രിക്കറ്റിനോട് വിടപറയാനാവും കോഹ്ലി ലക്ഷ്യം വെക്കുക.


