നോയിഡ: നോയിഡയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ യുവ കലാകാരി സൃഷ്ടി ഗുപ്ത അഞ്ച് മാസത്തിലേറെയായി ജയിലില്‍ തുടരുന്നു. തൊഴിലാളികളുടെ വേതന വര്‍ധന ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് പൊലീസ് സൃഷ്ടിയെ അറസ്റ്റ് ചെയ്തത്.
തൊഴിലാളികള്‍ക്കിടയിലും പിന്നാക്ക വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്കിടയിലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഒരു യുവ കലാകാരിയാണ് സൃഷ്ടി.
പഠനവും കലാജീവിതവും
ഡല്‍ഹിയിലെ കോളജ് ഓഫ് ആര്‍ട്ടില്‍ ഫൈന്‍ ആര്‍ട്സ് പഠനം പൂര്‍ത്തിയാക്കിയ സൃഷ്ടി, പിന്നീട് ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ മാസ്റ്റേഴ്സ് ബിരുദവും നേടി.
കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുമായി അടുത്തിടപഴകുന്നതിലും അവര്‍ സജീവമായിരുന്നു.
ശാന്തിനികേതനിലെ സാന്താള്‍ ഗ്രാമങ്ങളില്‍ താമസിച്ചും അവിടുത്തെ ജനങ്ങളുമായി ഒപ്പം പ്രവര്‍ത്തിച്ചുമാണ് സൃഷ്ടി കലയും സാമൂഹിക ഇടപെടലുകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കിയത്.
ഗ്രാമവാസികളുമായി ചേര്‍ന്ന് കൃഷിപ്പണികളില്‍ അടക്കം ഏര്‍പ്പെട്ട് സമൂഹത്തിന്റെ ഭാഗമായി മാറുകയായിരുന്നു അവരുടെ രീതി.
സാമൂഹിക പ്രവര്‍ത്തനങ്ങള്‍
ഡല്‍ഹിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ തൊഴിലാളികളും സ്ത്രീകളും കുട്ടികളും താമസിക്കുന്ന പ്രദേശങ്ങളിലെ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടി പങ്കാളിയായി.
ഷഹബാദ് ഡയറി പോലുള്ള പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി അടിസ്ഥാന വിദ്യാഭ്യാസവും കലാപഠനവും നല്കുന്നതില് അവര്‍ നേതൃപരമായ പങ്കുവഹിച്ചു. കമ്മ്യൂണിറ്റി ലൈബ്രറി പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, പ്രദേശത്തെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടലുകള്‍ എന്നിവയിലും സജീവമായിരുന്നു.
നോയിഡ സമരവും അറസ്റ്റും
ഹരിയാന സര്‍ക്കാര്‍ മിനിമം വേതനം നടപ്പാക്കിയതിന് പിന്നാലെ, നോയിഡയിലെ വ്യവസായ മേഖലകളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ വേതന വര്‍ധനവ്, ഓവര്‍ടൈം വേതനം, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ട് 2026 ഏപ്രിലില്‍ വലിയ രീതിയില്‍ പ്രതിഷേധം ആരംഭിച്ചു.
പ്രതിമാസം 15,000 രൂപയില്‍ താഴെ മാത്രം വരുമാനവും ദിവസം 12 മണിക്കൂറിലധികം ജോലിയും ചെയ്യേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് പിന്തുണയുമായി സൃഷ്ടിയും മറ്റ് പ്രവര്‍ത്തകരും രംഗത്തെത്തുകയായിരുന്നു.
ഏപ്രില്‍ 13ന് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്ന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഉള്‍പ്പെട്ട സൃഷ്ടിക്കെതിരെ 11 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ രണ്ടെണ്ണത്തില്‍ ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
പൊലീസിന്റെ ആരോപണങ്ങളും സുഹൃത്തുക്കളുടെ നിലപാടും
പ്രതിഷേധക്കാര്‍ക്കായി പോസ്റ്ററുകളും ചിത്രങ്ങളും തയ്യാറാക്കിയത് സൃഷ്ടിയാണെന്നും സമരത്തിനായി തൊഴിലാളികളെ പ്രേരിപ്പിച്ചത് അവരാണെന്നുമാണ് പൊലീസ് കുറ്റപത്രത്തിലെ പ്രധാന ആരോപണം.
കൂടാതെ, മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധമുണ്ടെന്നും ചില പുസ്തകങ്ങള്‍ കൈവശം വച്ചിരുന്നുവെന്നും പൊലീസ് ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സൃഷ്ടിയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ശക്തമായി നിഷേധിക്കുന്നു.
സൃഷ്ടിയുടെ വീട്ടില്‍ പൊലീസ് തെളിവുകള്‍ കൃത്രിമമായി സ്ഥാപിക്കാന്‍ ശ്രമിച്ചതായും സുഹൃത്തുക്കള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിക്കുകയാണുണ്ടായത്.
നോയിഡ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പോലീസിന്റെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ അലഹബാദ് ഹൈക്കോടതിയും നേരത്തെ രൂക്ഷമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
മറ്റൊരു യുവ പ്രവര്‍ത്തകയായ അകൃതി ചൗധരിക്കെതിരേ ചുമത്തിയ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കേസ് ‘കെട്ടിച്ചമച്ച കഥകള്‍’ എന്ന് വിലയിരുത്തി കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, സൃഷ്ടി ഗുപ്ത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നടപടികള്‍ തുടരുകയാണ്.
സൃഷ്ടിയുടെ അറസ്റ്റിന് പിന്നാലെ അവരുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന സഹപ്രവര്‍ത്തകരും ഷഹബാദ് ഡയറിയിലെ കുട്ടികളും അവരുടെ മോചനത്തിനായി നിരന്തരം പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്.
തൊഴിലാളികളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഒരു കലാകാരിയാണ് വ്യാജ ആരോപണങ്ങളുടെ പേരില്‍ മാസങ്ങളായി ജയില്‍ വാസം അനുഭവിക്കേണ്ടി വരുന്നത്.


