കൊച്ചി: അടുക്കളയിലെ സ്ഥിരം തലവേദനകളിലൊന്നാണ് പാചകം ചെയ്യുമ്പോൾ പാത്രങ്ങൾ കരിഞ്ഞുപോകുന്നത്. പാത്രങ്ങളുടെ ഉൾവശത്ത് കട്ടിയിൽ കരിപിടിച്ചാൽ ഇത് ഉരച്ചു കഴുകി വൃത്തിയാക്കുക എന്നത് വലിയൊരു ബുദ്ധിമുട്ടാണ്. സ്ക്രബ് ഉപയോഗിച്ച് ശക്തിയിൽ ഉരയ്ക്കുമ്പോൾ പാത്രങ്ങളുടെ കോട്ടിംഗ് നഷ്ടപ്പെടാനും കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. എന്നാൽ പാത്രങ്ങൾക്ക് കേടുപാടുകൾ വരുത്താതെ വളരെ എളുപ്പത്തിൽ കരി കളയാൻ സഹായിക്കുന്ന ചില ഫലപ്രദമായ വഴികൾ അറിയാം.
- ചൂടുവെള്ളം ഉപയോഗിക്കാം
പാത്രത്തിലെ കരി കളയാനായി ആദ്യം ചെയ്യേണ്ടത് അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് കട്ടിപിടിച്ചിരിക്കുന്ന കരി അലിയിക്കുക എന്നതാണ്. ചട്ടിയിൽ കരിഞ്ഞ ഭാഗം പൂർണ്ണമായും മൂടുന്ന രീതിയിൽ വെള്ളമൊഴിച്ച് 3 മുതൽ 5 മിനിറ്റ് വരെ ചെറുതായി തിളപ്പിക്കുക. ശേഷം വെള്ളത്തിന്റെ ചൂട് മാറിയ ശേഷം കരി ഉരച്ചു കഴുകി കളയാം.
- കല്ലുപ്പിന്റെ ഉപയോഗം
വെള്ളം തിളപ്പിച്ചിട്ടും കരി പൂർണ്ണമായി ഇളകിപ്പോകുന്നില്ലെങ്കിൽ കല്ലുപ്പ് ഉപയോഗിക്കാവുന്നതാണ്. കരിപിടിച്ചിരിക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കാൻ കല്ലുപ്പ് വളരെ മികച്ചൊരു ഔഷധമാണ്. കരിപിടിച്ച ഭാഗത്ത് അല്പം കല്ലുപ്പ് വിതറി ഒരു ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരയ്ക്കുക. കഴുകിയ ഉടൻ തന്നെ ചട്ടി നന്നായി തുടച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
- പ്രത്യേക സ്ക്രബറുകൾ ഉപയോഗിക്കുക
ചില കരിഞ്ഞ പാടുകൾ വെള്ളം തിളപ്പിച്ചാൽ മാത്രം മാറണമെന്നില്ല. അങ്ങനെയുള്ള അവസരങ്ങളിൽ കാസ്റ്റ് അയൺ ചട്ടികൾക്കായി പ്രത്യേകം ഉപയോഗിക്കുന്ന സ്ക്രബറുകൾ ഉപയോഗിക്കാം. ചൂടുവെള്ളവും ഇത്തരം സ്ക്രബറുകളും ഉപയോഗിച്ച് കരിപിടിച്ച പാടുകൾ ഉള്ള ഭാഗത്ത് മാത്രം അമർത്തി ഉരച്ചു വൃത്തിയാക്കുക.
അതേസമയം, കടുപ്പമേറിയ ക്ലീനിംഗ് കെമിക്കലുകൾ ഇരുമ്പ് പാത്രങ്ങൾക്ക് തീരെ അനുയോജ്യമല്ല എന്ന കാര്യം പ്രത്യേകം ഓർക്കുക. ഇത്തരം ലളിതമായ പൊടികൈകൾ വഴി പാത്രങ്ങളുടെ ആയുസ്സ് നഷ്ടപ്പെടുത്താതെ തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കും.


