ജനനനിരക്കിലെ കനത്ത ഇടിവും തൊഴിൽക്ഷാമവും കാരണം കടുത്ത ജനസംഖ്യാ പ്രതിസന്ധി നേരിടുന്ന ജപ്പാനിൽ, ആയുർദൈർഘ്യത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. രാജ്യത്ത് 100 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ഔദ്യോഗികമായി ഒരു ലക്ഷം കടന്നിരിക്കുകയാണ്.
ജപ്പാന്റെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ശതാബ്ദി പൂർത്തിയാക്കിയവരുടെ എണ്ണം റെക്കോർഡ് ഉയരമായ 107,677 ആയി എത്തി.
മുൻ വർഷത്തെ അപേക്ഷിച്ച് 7,914 പേരുടെ വർധനവാണ് ഇത്രയും ഉയർന്ന കണക്കുകൾക്ക് പിന്നിൽ. തുടർച്ചയായ 56-ാം വർഷമാണ് ഈ വിഭാഗത്തിൽ വാർഷിക വർധനവ് രേഖപ്പെടുത്തുന്നത്.
പ്രത്യേകത എന്തെന്നാൽ, ഈ ആകെ എണ്ണത്തിന്റെ 88 ശതമാനവും സ്ത്രീകളാണ്. മെഡിക്കൽ രംഗത്തെ പുരോഗതിയും ആരോഗ്യകരമായ ജീവിതരീതികളും ഭക്ഷണക്രമവുമാണ് ഇത്രയും നീണ്ട ആയുസ്സിന് കാരണമെന്ന് ആരോഗ്യമന്ത്രി കെനിചിരോ ഉനോ വ്യക്തമാക്കി.
എന്നാൽ, ഈ ദീർഘായുസ്സിന്റെ ആഘോഷങ്ങൾക്ക് പിന്നിൽ വലിയൊരു സാമൂഹിക അസന്തുലിതാവസ്ഥയാണ് ഒളിഞ്ഞിരിക്കുന്നത്.
ജപ്പാൻ എത്ര വേഗത്തിലാണ് വാർദ്ധക്യത്തിലേക്ക് നീങ്ങുന്നത്?
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. നിലവിൽ ഓരോ പത്തുപേരിൽ മൂന്നുപേരും 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. ഈ അനുപാതം 2070 ആകുമ്പോഴേക്കും 40 ശതമാനത്തിലേക്ക് അടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ വർഷം ജപ്പാനിൽ 95 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 800,000 എത്തിയപ്പോൾ, ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം വെറും 700,000 മാത്രമായിരുന്നു. ഇത് രാജ്യത്തിന്റെ ജനസംഖ്യ അതിവേഗം കുറയാൻ കാരണമായിരിക്കുന്നു.
2025-ലെ കണക്കുകൾ പ്രകാരം ജപ്പാനിലെ 47 പ്രിഫെക്ചറുകളിൽ 45 ഇടത്തും മുൻ വർഷങ്ങളെ അപേക്ഷിച്ച് ജനസംഖ്യയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ടോക്കിയോയിലും ഒകിനാവയിലും മാത്രമാണ് നേരിയ വർധനവുണ്ടായത്.
2070 ആകുമ്പോഴേക്കും ജപ്പാന്റെ മൊത്തം ജനസംഖ്യയിൽ ഏകദേശം 30 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ചിന്റെ പ്രവചനം.
എന്തുകൊണ്ട് ഇത്രയധികം ശതാബ്ദികൾ ജപ്പാനിൽ?
ജപ്പാനിലെ ജനങ്ങളുടെ ഉയർന്ന ആയുർദൈർഘ്യത്തിന് പിന്നിൽ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്:
ആരോഗ്യകരമായ ഭക്ഷണക്രമം: പരമ്പരാഗത ജാപ്പനീസ് ഭക്ഷണത്തിൽ പച്ചക്കറികളും മത്സ്യവും അരിയും ഉയർന്ന അളവിലും, പൂരിത കൊഴുപ്പ് വളരെ കുറഞ്ഞ അളവിലുമാണ് അടങ്ങിയിരിക്കുന്നത്. ഇവിടെ പൊണ്ണത്തടി നിരക്കും വളരെ കുറവാണ്.
ജീവിതശരീര ശീലങ്ങൾ: പ്രായമായവർ ഉൾപ്പെടെയുള്ളവർ നിത്യജീവിതത്തിൽ നടക്കാനും സൈക്ലിംഗ് നടത്താനും പൊതുഗതാഗതം ഉപയോഗിക്കാനും താൽപ്പര്യപ്പെടുന്നു. കൂടാതെ കൂട്ടായ വ്യായാമങ്ങളും ഇവിടെ വ്യാപകമാണ്.
സാർവത്രിക ആരോഗ്യ ഇൻഷുറൻസ്: കുറഞ്ഞ ചെലവിൽ മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്ന ആരോഗ്യ സംവിധാനം ജനങ്ങൾക്ക് തുണയാകുന്നുണ്ട്.
ഈ ആയുർദൈർഘ്യം എന്തുകൊണ്ട് ഒരു പ്രതിസന്ധിയാകുന്നു?
നീണ്ട ആയുസ്സ് വ്യക്തിപരമായ നേട്ടമാണെങ്കിലും, ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുകളിൽ ഒന്നുള്ള ജപ്പാനിൽ ഇത് വലിയ സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.
രാജ്യത്തെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് കഴിഞ്ഞ വർഷം 1.14 എന്ന റെക്കോർഡ് താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ജനസംഖ്യ സ്ഥിരത കൈവരിക്കാൻ കുറഞ്ഞത് 2.1 എന്ന നിരക്ക് ആവശ്യമാണ്.
ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണം അതിവേഗം കുറയുന്നു.
പെൻഷൻ, ആരോഗ്യ സംരക്ഷണം, വയോജന പരിചരണം എന്നിവയ്ക്കുള്ള ചെലവ് അനിയന്ത്രിതമായി വർദ്ധിക്കുന്നു.
കുറഞ്ഞ ജോലി സമയവും സാമ്പത്തിക അരക്ഷിതാവസ്ഥയും കാരണം യുവജനങ്ങൾ വിവാഹവും കുട്ടികളുണ്ടാകുന്നതും വൈകിപ്പിക്കുന്നു.
ഈ ഗുരുതര സാഹചര്യം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ ബാധിക്കുമെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുടിയേറ്റം ഒരു പരിഹാരമായി കാണുന്നുണ്ടെങ്കിലും രാഷ്ട്രീയമായി അത് ഇന്നും വിവാദപരമായി തുടരുന്നു.
ആഗോളതലത്തിലെ സ്ഥിതി
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2024-ൽ ആഗോളതലത്തിൽ ആയുർദൈർഘ്യം 73.3 വർഷമായി ഉയർന്നിട്ടുണ്ട്. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 2030-ഓടെ 1.4 ബില്യണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എങ്കിലും ജപ്പാനെപ്പോലെ ഇറ്റലി, പോർച്ചുഗൽ, ഗ്രീസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും അതിവേഗം വാർദ്ധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതും വരുംകാലങ്ങളിൽ ലോകം അഭിമുഖീകരിക്കാൻ പോകുന്ന വലിയൊരു വെല്ലുവിളിയാണ്.


