മാഡ്രിഡ്: “വിനീഷ്യസ് റയൽ മാഡ്രിഡിന്റെ അവിഭാജ്യ ഘടകമാണ്, അത് തുടരും. ബെർണബ്യൂ അയാൾക്കായി വൈകാതെ കയ്യടിക്കും.” കഴിഞ്ഞ ജനുവരിയിൽ റയൽ മാഡ്രിഡിന്റെ മാനേജരായിരിക്കെ സാബി അലോൻസോ നടത്തിയ പ്രതികരണമാണിത്.
ലാലിഗയിൽ റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടെ വിനീഷ്യസ് ജൂനിയറിനെതിരെ ഒരുകൂട്ടം റയൽ ആരാധകർ കൂവിയാർത്ത പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകൾ.
എന്നാൽ സാബി അലോൻസോ പറഞ്ഞതുപോലെ ബെർണബ്യൂ വിനിക്കായി കയ്യടിച്ചോ? ഇല്ല. സാബി അലോൻസോ പടിയിറങ്ങി, ശേഷം ആൽവാരോ അർബലോവ വന്നു, മടങ്ങി. ഒടുവിൽ ‘ദി സ്പെഷ്യൽ വൺ’ ഹോസെ മൗറിഞ്ഞ്യോ പരിശീലകനായി എത്തി.
എൽചീക്കെതിരായ ലീഗ് മത്സരത്തിലും വിനിക്ക് നേരെ മൈതാനത്ത് വിസിലുകൾ മുഴങ്ങി. സീസൺ ആരംഭിച്ചത് മുതൽ ലോസ് ബ്ലാങ്കോസ് ആരാധകർ ബ്രസീലിയൻ താരത്തെ വെറുതെവിട്ടിട്ടില്ല.
സാബി അന്ന് സ്വീകരിച്ച നിലപാട് തന്നെയാണ് മൗറിഞ്ഞ്യോയ്ക്കും ഇപ്പോൾ ആവർത്തിക്കേണ്ടി വന്നത്. കായ്ക്കുന്ന മരത്തിലേ കല്ലേറുളൂ എന്ന പഴഞ്ചൊല്ലുമായാണ് മൗറിഞ്ഞ്യോ വിനിയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങിയത്.
റയലിനായി വിനീഷ്യസ് ചെയ്ത സംഭാവനകളെല്ലാം അദ്ദേഹം ഓർമ്മിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് റയൽ ആരാധകർക്ക് വിനിയോട് ഇത്രയധികം വിരോധം?
പ്രതീക്ഷകളും ഗോൾ വരൾച്ചയും:
ക്ലബ്ബ് ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരെ പോലും ബെർണബ്യൂവിന്റെ കോണുകളിൽ നിന്ന് മുമ്പ് വിസിലുകൾ മുഴങ്ങിയിട്ടുണ്ട്. ഇന്ന് ക്ലബ്ബിന്റെ പ്രധാന താരമായ കിലിയൻ എംബാപെയും അതെല്ലാം ആവോളം അനുഭവിച്ചിട്ടുണ്ട്.
പക്ഷേ, വിനിയോട് മാത്രം ഈ ശത്രുത അവസാനിക്കാതെ തുടരുകയാണ്. 382 മത്സരങ്ങളിൽ നിന്ന് 129 ഗോളും 102 അസിസ്റ്റുമുള്ള വിനീഷ്യസ്, ലോക ഫുട്ബോളിലെ ഏറ്റവും മികച്ച അറ്റാക്കർമാരുടെ പട്ടികയിലാണ്.
ഗലാക്റ്റിക്കോകളാൽ സമ്പന്നമായ ഒരു ക്ലബ്ബിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുക എളുപ്പമല്ല. ക്രിസ്റ്റ്യാനോയുടെ പടിയിറക്കത്തിന് ശേഷം ഒരു സൂപ്പർതാരത്തിനായുള്ള ദാഹത്തിലായിരുന്നു ബെർണബ്യൂ. അവിടെ ബ്രസീലിയൻ ഫുട്ബോളിന്റെ എല്ലാ ചേരുവകളുമായാണ് വിനീഷ്യസ് എത്തിയത്.
പേസ്, ഡ്രിബ്ലിങ്, ക്രിയേറ്റിവിറ്റി എന്നിവയെല്ലാം കണ്ട് ക്രിസ്റ്റ്യാനോയുടെ പകരക്കാരനെ ലഭിച്ചുവെന്ന് അവർ വിശ്വസിച്ചു.
എന്നാൽ, വിനിയുടെ പല മുന്നേറ്റങ്ങളും ഗോളിൽ കലാശിക്കാതെ പോയ കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് 2020-21 സീസണിൽ ഇരുപതോളം മത്സരങ്ങളിൽ താരം സ്കോർഷീറ്റിൽ ഇടം നേടിയില്ല.
പരിശീലകരുമായുള്ള ഭിന്നതകളാണ് കാരണമെന്ന് സ്പാനിഷ് മാധ്യമങ്ങൾ എഴുതിയെങ്കിലും, യഥാർത്ഥ വില്ലനായത് മാഡ്രിഡ് ആരാധകരിൽ നിന്നുണ്ടായ പരിഹാസമായിരുന്നു. മാഡ്രിഡിൽ തുടരാനുള്ള വിനിയുടെ അർഹതയെപ്പോലും ചോദ്യം ചെയ്തവരുണ്ടായിരുന്നു.
എന്നാൽ കാർലോ ആൻസെലോട്ടിയുടെ വരവോടെയാണ് എല്ലാം മാറിമറിഞ്ഞത്. ഡ്രിബിളുകൾ ഗോളുകളായി മാറി, 2022 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെതിരെ വിജയഗോടൾ നേടാനും താരത്തിനായി.
വംശീയ അധിക്ഷേപങ്ങളും തിരിച്ചുവരവും:
ഈ ഘട്ടത്തിലാണ് സ്പാനിഷ് മൈതാനങ്ങളിൽ നിന്ന് വിനിക്ക് നേരെ കടുത്ത വംശീയ അധിക്ഷേപങ്ങൾ ഉയർന്നത്. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ വിനിയുടെ ദൃശ്യങ്ങൾ ഫുട്ബോളിലെ തന്നെ വേദനിപ്പിക്കുന്ന ഓർമ്മയാണ്.
ക്ലബ്ബിന്റെയും ആരാധകരുടെയും പൂർണ്ണ പിന്തുണയോടെ താരം പിന്നീട് ശക്തമായി തിരിച്ചുവന്നു. 2023-24 സീസണിൽ 24 ഗോളുകളും 11 അസിസ്റ്റുകളും നേടി, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെയും ഗോൾ നേടി. വിനിയും റയൽ ആരാധകരും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമായിരുന്ന കാലമായിരുന്നു അത്.
എന്നാൽ ആ വർഷം ബാലൺ ഡി ഓർ നഷ്ടമായത് താരത്തെ മാനസികമായി തളർത്തി. ആ സീസണിൽ 58 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്. ബാലൺ ഡി ഓർ ലഭിച്ചിരുന്നെങ്കിൽ വിനിയുടെ ക്ലബ്ബ് സ്റ്റാറ്റസ് വേറെ ലെവൽ ആയേനെ എന്ന് ആരാധകർ കരുതി.
സാബി അലോൻസോയുമായുള്ള ഭിന്നതയും നിലവിലെ പ്രതിസന്ധിയും:
റയൽ മാഡ്രിഡ് ഇതിഹാസവും സ്പെയിനിന്റെ ലോകകപ്പ്േ ജേതാവുമായ സാബി അലോൻസോ പരിശീലകനായി എത്തിയതോടെയാണ് ആരാധകർ വിനിയിൽ നിന്ന് അകന്നു തുടങ്ങിയത്. എൽ ക്ലാസിക്കോയിൽ സബ് ചെയ്തപ്പോൾ സാബിയോട് വിനി കയർത്ത സംഭവങ്ങൾ ആരാധകർ മറന്നിട്ടില്ല.
സാബിയുടെ ടാക്റ്റിക്കൽ സിസ്റ്റം എംബാപെ കേന്ദ്രീകൃതമായിരുന്നുവെന്നത് വിനിയെയും അസ്വസ്ഥനാക്കി. സാബിക്ക് കീഴിൽ വെറും ഏഴ് ഗോളുകൾ മാത്രമാണ് വിനി നേടിയത്.
സാബിയുടെ പടിയിറക്കത്തിന് പിന്നാലെയുള്ള റയലിന്റെ ആദ്യ മത്സരത്തിൽ വിനിയുടെ കാലിലേക്ക് പന്ത് കിട്ടിയപ്പോഴെല്ലാം ബെർണബ്യൂ കൂകിയാർത്തു.
സാബി ക്ലബ്ബ് വിടാനുള്ള കാരണമായി ഒരുവിഭാഗം ആരാധകർ ഇന്നും കാണുന്നത് വിനയെയാണ്. കൂടാതെ ആഴ്സണലുമായുള്ള കരാർ ചർച്ചകളും റയലുമായി സമവായത്തിലെത്താൻ വൈകിയതും ആരാധകരെ പ്രകോപിപ്പിച്ചു.
ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് വിനിയുടെ പേരിലുള്ളത്. ആരാധകരെ തിരികെപ്പിടിക്കണമെങ്കിൽ വിനീഷ്യസിന്റെ ബൂട്ടുകൾ 2024ലെ സുവർണ്ണ കാലഘട്ടത്തിലേക്ക് തിരികെ എത്തേണ്ടതുണ്ട്.


