കൊച്ചി: എറണാകുളം പിറവത്ത് സുഹൃത്തിന്റെ അമ്മയോട് അസഭ്യം പറഞ്ഞതുമായുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി. കക്കാട് സ്വദേശിയായ അരുണിനാണ് ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തോളം പൊള്ളലേറ്റ അരുണിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ജിഷ്ണു, സുഹൃത്ത് ചന്ദ്രൻ എന്നിവരെ പിറവം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായ മറ്റൊരാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
വ്യാഴാഴ്ച പുലർച്ചെ 12:30-ഓടെ പിറവം സ്നേഹഭവൻ റോഡിലാണ് ഈ ക്രൂരമായ ആക്രമണം നടന്നത്. ജിഷ്ണുവും അരുണും തമ്മിൽ മുൻപും ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ബുധനാഴ്ച വൈകിട്ട് അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചു. ജിഷ്ണുവിന്റെ അമ്മയാണ് ഫോൺ എടുത്തത്. ഈ സമയത്ത് അരുൺ അമ്മയോട് മോശമായ രീതിയിൽ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ജിഷ്ണുവിലുണ്ടാക്കിയ കടുത്ത പ്രകോപനമാണ് പിന്നീട് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.
തുടർന്ന് സുഹൃത്തുക്കളായ ജിഷ്ണുവും ചന്ദ്രനും ചേർന്ന് അരുണിന്റെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനിടയിൽ പ്രതിയായ ജിഷ്ണുവിനും നേരിയ തോതിൽ പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.


