കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളത്തില്‍ പ്രതീക്ഷയുടെയും പ്രായോഗികതയുടെയും പുതിയൊരു ഉദയസൂര്യനെ അടയാളപ്പെടുത്തുകയാണ് ഐക്യജനാധിപത്യ മുന്നണി(യു.ഡി.എഫ്) പുറത്തിറക്കിയ പ്രകടനപത്രിക. വെറും വാഗ്ദാനങ്ങളുടെ പെരുമഴയല്ല, മറിച്ച് ഓരോ സാധാരണക്കാരന്റെയും ഉത്കണ്ഠകളെയും സ്വപ്നങ്ങളെയും തൊട്ടറിയുന്ന ‘വികസന രൂപരേഖ’യാണ് യു.ഡി.എഫ് പ്രകടനപത്രികയെന്ന് പറയാതെ വയ്യ. വറ്റിവരണ്ട ജനജീവിതത്തിലേക്ക് സാന്ത്വനത്തിന്റെ കുളിര്‍മഴ പെയ്യിക്കാനും, മുരടിച്ചുപോയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പകരാനുമുള്ള കൃത്യമായ ദിശാബോധം ഈ പത്രികയുടെ ഓരോ വരിയിലുമുണ്ട്.
തിരഞ്ഞെടുപ്പ് ഗോദയില്‍ വാഗ്ദാനങ്ങളുടെ പെരുമഴക്കാലമാണ്. എന്നാല്‍, വെറും വാക്കുകള്‍ക്കപ്പുറം ഒരു ജനതയുടെ അതിജീവനത്തിനുള്ള മാര്‍ഗരേഖയായി മാറുമ്പോഴാണ് ഒരു പ്രകടനപത്രിക അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. കൊച്ചിയില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രകാശനം ചെയ്ത പ്രകടനപത്രിക, വരാനിരിക്കുന്ന അഞ്ച് വര്‍ഷങ്ങളില്‍ കേരളം എങ്ങോട്ട് സഞ്ചരിക്കണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ ദിശാസൂചികയാണ്. ‘കരുതലും വികസനവും’ എന്ന ഇരട്ടലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയ പത്രികയില്‍, ആധുനികതയുടെ തിളക്കവും സാധാരണക്കാരന്റെ വിയര്‍പ്പിന്റെ മണവുമുണ്ട്. അക്ഷരങ്ങളില്‍ കോറിയിട്ട വെറും വാക്കുകളല്ല ഇത്, മറിച്ച് സാധാരണക്കാരന്റെ ആകുലതകള്‍ക്കുള്ള മരുന്നാണ്. യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ ഓരോ വരിയും സ്പര്‍ശിക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുടെ ജീവിതത്തെയാണ്.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പിലാക്കി വിജയിപ്പിച്ച ‘ശക്തി’ പദ്ധതിയുടെ മാതൃകയില്‍, കേരളത്തിലെ കെ.എസ്.ആര്.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തത് വിപ്ലവകരമായ നീക്കമാണ്. കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുമെന്ന പ്രഖ്യാപനം ഉന്നതവിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സ്ത്രീ ശാക്തീകരണം എന്നത് പ്രസംഗങ്ങളിലല്ല, മറിച്ച് അവരുടെ ജീവല്പ്രശ്നങ്ങളിലുള്ള ഇടപെടലാണെന്ന് യു.ഡി.എഫ് അടിവരയിടുന്നു.
തകര്‍ന്നുതരിപ്പണമായ റബ്ബര്‍ കര്ഷകന് 300 രൂപ തറവില ഉറപ്പാക്കുമെന്ന പ്രഖ്യാപനം മലയോര മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നെല്ലിനും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും കൃത്യമായ വില ഉറപ്പാക്കുന്നതിലൂടെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് അറുതിവരുത്താന്‍ സാധിക്കും. കാര്‍ഷിക സംസ്കാരത്തെ വീണ്ടെടുക്കാതെ കേരളത്തിന് മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് യു.ഡി.എഫ് പ്രകടനപത്രികയിലുടനീളം കാണാം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ത്ഥം പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചികിത്സാച്ചെലവ് താങ്ങാനാവാതെ ഉഴറുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കുമെന്ന വാഗ്ദാനം ആരോഗ്യരംഗത്തെ ഏറ്റവും വലിയ കാരുണ്യപ്രവൃത്തിയാണ്. ക്ഷേമ പെന്‍ഷനുകള്‍ 3,000 രൂപയായി വര്‍ദ്ധിപ്പിക്കുകയും അത് കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളുടെ കയ്യിലെത്തിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നത് മുതിര്‍ന്ന പൗരന്മാരോടുള്ള നീതിയാണ്. മുതിര്‍ന്നവര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന പ്രഖ്യാപനം ഭരണരംഗത്തെ പുതിയൊരു മാതൃകയാണ്. കേരളം ഇന്ന് കടന്നുപോകുന്നത് സാമ്പത്തികമായ പ്രതിസന്ധികളിലൂടെയാണ്. ഈ ഘട്ടത്തില്‍ ഖജനാവിന്റെ സ്ഥിതി കൂടി കണക്കിലെടുത്തുകൊണ്ടുള്ള പ്രായോഗികമായ പദ്ധതികളാണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്നത്. കടമെടുപ്പ് വികസനമല്ല, മറിച്ച് ഉല്‍പ്പാദനക്ഷമമായ മേഖലകളില്‍ നിക്ഷേപം നടത്തിക്കൊണ്ടുള്ള സുസ്ഥിര വികസനമാണ് ലക്ഷ്യം. ജനാധിപത്യത്തിന്റെ ഉത്സവമായ തിരഞ്ഞെടുപ്പില്‍, ശരിയായ ദിശ തിരഞ്ഞെടുക്കാന്‍ ഈ പ്രകടനപത്രിക ജനങ്ങള്‍ക്ക് കരുത്താകും. വികസനവും സമാധാനവും കൈകോര്‍ക്കുന്ന ഒരു പുതുയുഗ കേരള നിര്‍മ്മിതിക്ക് യു.ഡി.എഫ് പ്രകടനപത്രിക അടിത്തറയാകട്ടെ.


