ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇന്നത്തെ തിളക്കത്തിന് പിന്നിൽ കടുത്ത ദാരിദ്ര്യവും കണ്ണീരും നിറഞ്ഞ ഒരു ഭൂതകാലമുണ്ട്.
സ്പോർട്ടിംഗിന്റെ അത്ഭുത ബാലനായും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പന്തയക്കുതിരയായും റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായും സൗദി ലീഗിന്റെ ഐഡന്റിറ്റിയായും മാറുന്നതിന് മുമ്പ്, മദീരയിലെ ക്വിന്റ ഡോ ഫാൽക്കാവോ എന്ന ചെറു ഗ്രാമത്തിൽ ജീവിച്ചിരുന്ന മെലിഞ്ഞ ഒരു കുട്ടിയായിരുന്നു റൊണാൾഡോ.
അച്ഛന്റെ മദ്യപാനവും ഒരിക്കലും മായാത്ത വേദനയും
പ്രാദേശിക ക്ലബ്ബായ സിഎഫ് അൻഡോറിൻഹയുടെ കിറ്റ് മാനായിരുന്നു റൊണാൾഡോയുടെ അച്ഛൻ ഡെനിസ് അവെയ്റോ. ക്ലബ്ബിന്റെ ചെറിയ ബാറിൽ പാനീയങ്ങൾ വിളമ്പിയിരുന്ന അദ്ദേഹം സന്ധ്യയാകുമ്പോൾ മദ്യത്തിന് അടിമയായി മാറി.
“എനിക്ക് എപ്പോഴും അച്ഛനെ ഭയമായിരുന്നു, അതുകൊണ്ട് ഞങ്ങൾക്കിടയിൽ ശക്തമായ ബന്ധം ഉണ്ടായിരുന്നില്ല. മദ്യപാനത്തിനെതിരെ പൊരുതി സിറോസിസ് ബാധിച്ചാണ് അദ്ദേഹം മരിച്ചത്. അതുകൊണ്ടാണ് ഞാൻ ഒരിക്കലും മദ്യം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തത്,” റൊണാൾഡോ ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്.
തന്റെ മകൻ ഒരു ദിവസം പ്രശസ്തനാകുമെന്ന് ബാറിലിരുന്ന് അച്ഛൻ സുഹൃത്തുക്കളോട് പറയുമായിരുന്നു. എന്നാൽ അന്ന് ആരും അത് ഗൗനിച്ചില്ല. തന്റെ കരിയറിലെ വലിയൊരു ദുഃഖം, താനൊരു ഫുട്ബോൾ കളിക്കാരനായി മാറുന്നത് കാണാൻ അച്ഛന് സാധിച്ചില്ല എന്നത് മാത്രമാണെന്ന് റൊണാൾഡോ പറയുന്നു.
അംഗോള യുദ്ധക്കാലത്തെ കടുത്ത ചൂടും യാതനകളും അദ്ദേഹത്തിന്റെ ശരീരത്തെയും മാനസികാവസ്ഥയെയും തളർത്തിയിരുന്നു. യുദ്ധത്തിനു ശേഷമുള്ള ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് അദ്ദേഹത്തെ കൂടുതൽ മദ്യത്തിലേക്ക് തള്ളിവിട്ടത്.
അമ്മയായിരുന്നു നെടുംതൂൺ
റൊണാൾഡോയുടെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി അദ്ദേഹത്തിന്റെ അമ്മ മരിയ ഡോളോറസ് ആയിരുന്നു. പാചകക്കാരിയായും ക്ലീനറായും ജോലി ചെയ്ത അവർ മകനുവേണ്ടി കഷ്ടപ്പെട്ടു.
മകൻ കോടീശ്വരനാകുന്നതുവരെ അവർ ജോലിയിൽ നിന്ന് ഒരു ദിവസം പോലും അവധിയെടുത്തില്ല.
“എനിക്കുവേണ്ടി ജീവിതം ത്യജിച്ചാണ് അമ്മ എന്നെ വളർത്തിയത്. എനിക്ക് ഭക്ഷണം നൽകാൻ അവൾ പലപ്പോഴും വിശന്ന് ഉറങ്ങാൻ കിടന്നു,” റൊണാൾഡോ അമ്മയെ ഓർക്കുന്നത് ഇങ്ങനെയാണ്.
കണ്ണീരിൽ കുതിർന്ന അക്കാദമി ദിനങ്ങളും കഠിനാധ്വാനവും
പന്ത്രണ്ടാം വയസ്സിൽ സ്പോർട്ടിംഗ് അക്കാദമിയിൽ ചേർന്നപ്പോൾ റൊണാൾഡോ അനുഭവിച്ച ഏകാന്തത ചെറുതല്ല. സംസ്കാരവും നാടും മാറിയപ്പോൾ അവൻ ദിവസവും കരഞ്ഞു. “എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ സമയമായിരുന്നു അത്,” എന്ന് അദ്ദേഹം പറയുന്നുണ്ട്.
താൻ വളരെ മെലിഞ്ഞ പ്രകൃതക്കാരനായതുകൊണ്ട്, പതിനൊന്നാം വയസ്സിൽ റോണോ ഒരു നിർണ്ണായക തീരുമാനമെടുത്തു; “മറ്റെല്ലാവരേക്കാളും ഞാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ പോകുന്നു. ലോകത്തിലെ ഏറ്റവും മികച്ചവനാകാൻ കഴിയുന്ന രീതിയിൽ ഞാൻ പരിശീലിക്കും.
” ഡോർമിറ്ററിയിലെ ലൈറ്റുകൾ അണയുമ്പോൾ അവൻ പരിശീലനത്തിനായി രഹസ്യമായി പുറത്തിറങ്ങുമായിരുന്നു. കുട്ടിക്കാലത്ത് ഒരു സാധാരണ മത്സ്യത്തൊഴിലാളിയായി ഒതുങ്ങിപ്പോകുമെന്ന് കരുതിയ ആ കുട്ടി,
തന്റെ ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് നടന്നു കയറുകയായിരുന്നു.


