യുവേഫ നേഷൻസ് ലീഗിയിൽ നോർവേക്കെതിരെയുള്ള മത്സരത്തിൽ പോർച്ചുഗലിനായി ബ്രൂണോ ഫെർണാണ്ടസ് കളിക്കില്ലെന്ന് പരിശീലകൻ ജോർജ് ജീസസ്. വെയ്ൽസിനെതിരെയുള്ള മത്സരത്തിൽ ഉണ്ടായ ശാരീരിക പ്രശ്നം മൂലമാണ് ബ്രൂണോക്ക് തിരിച്ചടിയായതെന്നാണ് പോർച്ചുഗീസ് പരിശീലകൻ പറഞ്ഞത്.
‘വെയ്ൽസിനെതിരെയുള്ള മത്സരത്തിൽ ലഭ്യമായ എല്ലാ താരങ്ങളുമായാണ് ഞങ്ങൾ കളത്തിലിറങ്ങിയത്. പക്ഷെ ബ്രൂണോ ഫെർണാണ്ടസിന് ചെറിയ ശാരീരിക പ്രശ്നമുണ്ടായി. അദ്ദേഹത്തിന് ചികിത്സയും വിശ്രമവും ആവശ്യമാണ്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വേദന സഹിച്ചാണ് താൻ കളിച്ചതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതുകൊണ്ടാണ് വെയ്ൽസിനെതിരെ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ സാധിക്കാതെ പോയത്. ബ്രൂണോയുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തെ കളിപ്പിച്ചുകൊണ്ട് റിസ്ക് എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ ജോർജ് ജീസസ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.
ടൂർണമെന്റിൽ ഗ്രൂപ്പ് ഡി-യിൽ നടന്ന ആദ്യ മത്സരത്തിൽ വെയിൽസിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോർച്ചുഗലിന്റെ വിജയം. ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അൽവാലാഡെയിൽ നടന്ന മത്സരത്തിൽ ജോവോ ഫെലിക്സ് നേടിയ ഒരേയൊരു ഗോളിന്റെ കരുത്തിലാണ് പറങ്കിപ്പട വിജയം സ്വന്തമാക്കിയത്.
ഇന്ന് അർധ രാത്രിയാണ് നോർവേ-പോർച്ചുഗൽ മത്സരം നടക്കുന്നത്. ഡെന്മാർക്കിനെ പരാജയപ്പെടുത്തിയെത്തുന്ന നോർവേക്കെതിരെയും വിജയം തുടരാനാവും പറങ്കിപ്പട ഇറങ്ങുക.


