2026 ബാലൺ ഡി ഓർ നേടാൻ അർഹൻ സ്പാനിഷ് യുവതാരം ലാമിൻ യമാൽ ആണെന്ന് സഹതാരം നിക്കോ വില്യംസ്. ഫുട്ബോളിനെക്കുറിച്ച് അറിയുന്നവർ യമാലിന്റെ പേരാണ് പറയുകയെന്നാണ് നിക്കോ വില്യംസ് പറഞ്ഞത്.
‘ബാലൺ ഡി ഓർ നേടാൻ അർഹത ലാമിനുണ്ട്. പലർക്കും ഇതിനെക്കുറിച്ച് ഒരുപാട് അഭിപ്രായങ്ങൾ ഉണ്ട്. എന്നാൽ ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവരും നന്നായി അറിയുന്നവരും ലാമിൻ തന്നെയാണ് ഏറ്റവും മികച്ച താരമെന്ന് തിരിച്ചറിയും’ നിക്കോ വില്യംസ് ഗോളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ സീസണിൽ ബാഴ്സലോണയെ തുടർച്ചയായ രണ്ടാം ലാ ലിഗ കിരീടത്തിലേക്ക് നയിക്കുന്നത് യമാൽ വഹിച്ച പങ്ക് വളരെ വലുതാണ്. ബാഴ്സയ്ക്കൊപ്പം സ്പാനിഷ് സൂപ്പർ കപ്പും യമാൽ കഴിഞ്ഞ സീസണിൽ സ്വന്തമാക്കി.
2026 ലോകകപ്പ് നേടിയ സ്പെയ്ൻ ടീമിലെ പ്രധാന താരവും യമാൽ തന്നെയാണ്. അർജന്റീനയെ വീഴ്ത്തിയായിരുന്നു സ്പെയ്ൻ 2010ന് ശേഷം സ്പാനിഷ് പട വീണ്ടും ലോകം കീഴടക്കിയത്.
ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ എന്നിവരാണ് ബാലൺ ഡി ഓർ നേടാൻ മുൻനിരയിലുള്ളത്. അർജന്റൈൻ ഇതിഹാസം ലയണൽ മെസിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഒക്ടോബർ 26നാണ് ബാലൺ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കുന്നത്. ബാലൺ ഡി ഓറിന് പുതിയൊരു അവകാശി പിറക്കുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.


