വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ വെല്ലിംഗ്ടണിൽ വീശിയടിക്കുന്ന കടുത്ത കാറ്റ് ഫാസ്റ്റ് ബൗളർമാരെയും ബാറ്റർമാരെയും എത്രത്തോളം ബാധിക്കുമെന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കലിന് നന്നായറിയാം.
ദക്ഷിണാഫ്രിക്കൻ താരമായിരുന്ന കാലത്ത് അവിടത്തെ സാഹചര്യങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുള്ള മോർക്കൽ, ന്യൂസിലൻഡ് പര്യടനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് രസകരവും എന്നാൽ ഗൗരവമേറിയതുമായ ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് മോർക്കലിന്റെ ഈ നിർദ്ദേശം.
ചരിത്രപ്രസിദ്ധമായ ബേസിൻ റിസർവ് ഗ്രൗണ്ടിൽ മുന്നറിയിപ്പില്ലാതെ കാറ്റിന്റെ ദിശ മാറുന്നത് ബാറ്റ്സ്മാൻമാർക്കും ബൗളർമാർക്കും ഒരുപോലെ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
ഇതിനെക്കുറിച്ച് മോർക്കൽ വ്യക്തമാക്കിയതിങ്ങനെയാണ് ”വെല്ലിംഗ്ടണിനെക്കുറിച്ചും അവിടത്തെ കാറ്റിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്.
ഒരു ഫാനിന് മുന്നിൽ ചെന്ന് നിൽക്കുമ്പോൾ കിട്ടുന്ന അനുഭവമായിരിക്കും വെല്ലിംഗ്ടണിലേത്. അത്തരം ഫാനുകൾക്ക് മുന്നിൽ ബാറ്റർമാർ പരിശീലിക്കണം.”
കഴിഞ്ഞ തിങ്കളാഴ്ച വെല്ലിംഗ്ടണിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 120 കിലോമീറ്റർ വരെ എത്തിയിരുന്നു. ഹോട്ടൽ മുറിയിലിരുന്നപ്പോൾ പോലും കാറ്റിന്റെ ശക്തികൊണ്ട് കെട്ടിടം വിറയ്ക്കുന്നത് താൻ നേരിട്ട് അനുഭവിച്ചതായി മോർക്കൽ വ്യക്തമാക്കി.
കാറ്റിനെ ഒരു വെല്ലുവിളിയായി കാണണോ അതോ നെഗറ്റീവായി കാണണോ എന്നത് കളിക്കാരുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് കാറ്റിനെതിരെ പന്തെറിയാൻ ഇന്ത്യൻ ബൗളർമാർ ധൈര്യപൂർവ്വം മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ആദ്യ രണ്ട് മത്സരങ്ങളും നാല് വിക്കറ്റുകളുടെ വ്യത്യാസത്തിൽ ജയിച്ച ഇന്ത്യൻ സംഘത്തിന് നാളത്തെ മത്സരത്തിലും ജയം ആവർത്തിക്കാനായാൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് സ്വന്തമാക്കാം.
പരമ്പര ഇതിനോടകം സ്വന്തമാക്കാൻ ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യ, ടീമിൽ ചില അഴിച്ചപണികളോടെയാവും കളത്തിലിറങ്ങുകയെന്നാണ് സൂചന.
പ്ലേയിംഗ് ഇലവനിൽ പ്രധാന മാറ്റങ്ങൾ
ആദ്യ രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താനാകാതെ നിരാശപ്പെടുത്തിയ സീനിയർ പേസർ ഭുവനേശ്വർ കുമാറിന് നാളത്തെ മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നായി ഭുവനേശ്വർ 99 റൺസാണ് വഴങ്ങിയത്. അദ്ദേഹത്തിന് പകരം സൂപ്പർ പേസർ മായങ്ക് യാദവ് പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.
മറ്റൊരു നിർണ്ണായക മാറ്റം ബാറ്റിംഗ് നിരയിലാണ്. രണ്ടാമത്തെ മത്സരത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന് പകരം മൂന്നാം നമ്പറിൽ അവസരം ലഭിച്ച 15-കാരൻ കൗമാര താരം വൈഭവ് സൂര്യവംശി നാളത്തെ മത്സരത്തിൽ സഞ്ജു സാംസണ് പകരം ഓപ്പണറുടെ റോളിലെത്തുമെന്നാണ് സൂചന.
രണ്ടാം മത്സരത്തിൽ മൂന്നാം നമ്പറിലിറങ്ങിയ വൈഭവ് 8 പന്തിൽ 4 റൺസെടുത്ത് പുറത്തായിരുന്നു. ഇഷാൻ കിഷൻ മൂന്നാം ടി20യിലും കളിക്കില്ലെന്ന് ബൗളിംഗ് കോച്ച് മോർണി മോർക്കൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സഞ്ജു സാംസൺ തന്റെ സ്ഥിര റോളിൽ നിന്ന് മൂന്നാം നമ്പറിലേക്ക് മാറിയേക്കും.


