ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരിൽ ആരാണ് മികച്ചതെന്ന എക്കാലത്തെയും വലിയ ഫുട്ബോൾ സംവാദത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി മുൻ ബാഴ്സലോണ, യുവന്റസ് താരം മിറാലെം പ്ജാനിക്. ഇരു താരങ്ങൾക്കൊപ്പവും ഒരുമിച്ച് ഡ്രസ്സിംഗ് റൂം പങ്കിടാൻ ഭാഗ്യം ലഭിച്ച മുൻ ബോസ്നിയൻ മിഡ്ഫീൽഡർ, റൊണാൾഡോയ്ക്ക് മുകളിൽ മെസ്സിയെയാണ് തിരഞ്ഞെടുത്തത്.
ഫുട്ബോൾ ലോകത്തെ രണ്ട് ‘അന്യഗ്രഹജീവികൾ’ എന്ന് ഇരു താരങ്ങളെയും വിശേഷിപ്പിച്ച പ്ജാനിക്, എന്നാൽ മെസ്സിയുടെ കളിശൈലിയെയും മികവിനെയും പ്രത്യേകം പ്രശംസിച്ചു.
ഇറ്റലിയിൽ നടന്ന ട്രെൻ്റോ സ്പോർട്സ് ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് പ്ജാനിക് തൻ്റെ അനുഭവം പങ്കുവെച്ചത്:
“എന്റെ കരിയറിൽ ഒരുപാട് മികച്ച കളിക്കാരോടൊപ്പം ഞാൻ കളിച്ചിട്ടുണ്ട്, പ്രത്യേകിച്ച് മെസ്സി, ക്രിസ്റ്റ്യാനോ എന്നിവർക്കൊപ്പം. ഈ രണ്ട് ‘അന്യഗ്രഹജീവികളിൽ’ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ ലിയോ മെസ്സി എന്ന് പറയും. അദ്ദേഹത്തിന്റെ ക്ലാസ് വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ്. ദൈവത്തിന്റെ പ്രത്യേക വരദാനമുള്ള കളിക്കാരനാണ് അദ്ദേഹം. ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പോലും അവിശ്വസനീയമാം വിധം എളുപ്പമാക്കി കാണിക്കാൻ മെസ്സിക്ക് സാധിക്കും.”
അതേസമയം, ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഒരു ‘പ്രത്യേക’ താരമായി പ്ജാനിക് വിശേഷിപ്പിച്ചു. റൊണാൾഡോയുടെ ജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും മാനസിക കരുത്തും സ്കൂളുകളിൽ പഠിപ്പിക്കേണ്ട ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു:
“ക്രിസ്റ്റ്യാനോയും സമാനതകളില്ലാത്ത കളിക്കാരനാണ്. അദ്ദേഹം ടീമിലുണ്ടെങ്കിൽ ഒരു ഗോളിന് മുന്നിൽ നിന്നാണ് നിങ്ങൾ കളി തുടങ്ങുന്നത് എന്ന് പറയാം. ഗോളുകളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അത്രത്തോളമാണ്. ഒരിക്കലും തളരാതിരിക്കാനും എപ്പോഴും കൂടുതൽ നേടാനുമുള്ള അദ്ദേഹത്തിന്റെ മാനസിക ശക്തി കുട്ടികളെ പഠിപ്പിക്കേണ്ട ഒന്നാണ്.”
പോർച്ചുഗീസ് സൂപ്പർസ്റ്റാർ റൊണാൾഡോയ്ക്കൊപ്പം യുവന്റസിൽ 77 മത്സരങ്ങളിലാണ് പ്ജാനിക് കളത്തിലിറങ്ങിയത്. തുടർന്ന് ബാഴ്സലോണയിലേക്ക് മാറിയ അദ്ദേഹം മെസ്സിക്കൊപ്പം 24 മത്സരങ്ങളിൽ പിച്ചിൽ ഒന്നിച്ചു. ബെസിക്റ്റാസ്, ഷാർജ എഫ്സി, സിഎസ്കെഎ മോസ്കോ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ച ശേഷം പ്ജാനിക് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.


