ബ്യൂണസ് അയേഴ്സ്: അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായുള്ള (എ.എഫ്.എ) ബന്ധം വഷളായതിനെ തുടർന്ന് ഫെഡറേഷനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങി സൂപ്പർതാരം ലയണൽ മെസ്സി.
തന്റെ പേരും ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും വാണിജ്യ ആവശ്യങ്ങൾക്കായി അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയാനാണ് മെസ്സി അടിയന്തര നീക്കം നടത്തിയിരിക്കുന്നത്. പ്രമുഖ അർജന്റീനിയൻ പത്രമായ ‘ക്ലാരിൻ’ ആണ് ഈ വാർത്ത പുറത്തുവിട്ടത്.
ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയുമായുള്ള മെസ്സിയുടെ ദീർഘകാല ബന്ധമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.
ഫെഡറേഷൻ തലപ്പത്തെ സാമ്പത്തിക ദുരുപയോഗ ആരോപണങ്ങളിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും തന്റെ സൽപ്പേര് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മെസ്സി ഇപ്പോൾ ടാപിയയിൽ നിന്ന് അകലം പാലിക്കുന്നത്.
സ്പോൺസർമാരുടെ തർക്കവും-സംഘർഷവും
മെസ്സിയുടെ കടുത്ത അതൃപ്തിക്ക് പ്രധാന കാരണം അദ്ദേഹത്തിന്റെ സ്വകാര്യ സ്പോൺസർമാരും എ.എഫ്.എയുടെ വാണിജ്യ താൽപ്പര്യങ്ങളും തമ്മിലുള്ള സംഘർഷമാണ്.
കഴിഞ്ഞ ലോകകപ്പിനിടെ അർജന്റീനിയൻ ഫെഡറേഷന്റെ സ്പോൺസറായ ഒരു പ്രാദേശിക ബിയർ ബ്രാൻഡിന്റെ പരസ്യത്തിൽ മെസ്സിയുടെ ചിത്രം ഉപയോഗിച്ചിരുന്നു.
ഇത് മെസ്സിയുടെ പ്രധാന ആഗോള സ്പോൺസർമാരായ ‘മൈക്കലോബ്’ (Michelob) ബ്രാൻഡുമായി വലിയ പ്രശ്നങ്ങൾക്കും വിവാദങ്ങൾക്കും കാരണമായി.
തങ്ങളുടെ പങ്കാളിത്തമില്ലാതെ ഫെഡറേഷൻ എടുത്ത ഇത്തരം വാണിജ്യ തീരുമാനങ്ങൾക്ക് അന്താരാഷ്ട്ര സ്പോൺസർമാരുടെ മുന്നിൽ മെസ്സിക്ക് പലതവണ വിശദീകരണം നൽകേണ്ടി വന്നിട്ടുണ്ട്.
വിദേശ കമ്പനികൾ വഴി പണം മറച്ചുവെച്ചുവെന്ന ആരോപണത്തിൽ പ്രസിഡന്റ് ക്ലോഡിയോ ടാപിയയ്ക്കും ട്രഷറർ പാബ്ലോ ടോവിഗ്ഗിനോയ്ക്കുമെതിരെ അന്വേഷണങ്ങൾ നടക്കുമ്പോൾ, സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനാണ് താരം ഇപ്പോൾ കർശന നടപടികളിലേക്ക് കടന്നിരിക്കുന്നത്.
നിയമനടപടിയും അണിയറയിലെ നീക്കങ്ങളും
ഇതിനോടകം തന്നെ ഒരു പ്രമുഖ നിയമസംഘത്തെ മെസ്സി ചുമതലപ്പെടുത്തിക്കഴിഞ്ഞു.
ഫെഡറേഷന്റെ വാണിജ്യ ആവശ്യങ്ങൾക്കായി മെസ്സിയുടെ പേരോ ഫോട്ടോകളോ വീഡിയോ ദൃശ്യങ്ങളോ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഔദ്യോഗിക രേഖകൾ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ഈ നോട്ടീസ് ഇതിനകം എ.എഫ്.എയ്ക്ക് കൈമാറിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതുവരെ ഇരുപക്ഷവും ഔദ്യോഗികമായി ഈ വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
വിടവാങ്ങൽ മത്സരത്തിലെ അപാകതകളും പശ്ചാത്തലം
കഴിഞ്ഞ ഒക്ടോബറിൽ ബെനിനെതിരെ എസ്റ്റാഡിയോ മൊനുമെന്റലിൽ നടന്ന മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിലെ മോശം സംഘാടനവും ഈ അകൽച്ചയ്ക്ക് ആക്കംകൂട്ടി. സാങ്കേതിക തടസ്സങ്ങളും സ്പോൺസർമാരുടെ പരസ്യങ്ങളും കാരണം വിടവാങ്ങൽ ചടങ്ങ് വിവാദമായിരുന്നു.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ദേശീയ ടീം കരിയറിൽ രാജ്യത്തിന് 2022 ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും നേടിത്തന്ന ഇതിഹാസ താരവും അർജന്റീനിയൻ ഫുട്ബോൾ ഭരണകൂടവും തമ്മിലുള്ള ഈ ഭിന്നത ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.


