മുംബൈ: വരാനിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായും തിലക് വര്‍മ്മ വൈസ് ക്യാപ്റ്റനായും തുടരുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണ് തന്റെ ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുതിർന്ന പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയത് വലിയൊരു അപ്രതീക്ഷിത നീക്കമായി.
2022 നവംബറില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഭുവനേശ്വര്‍ അവസാനമായി ഇന്ത്യക്കായി ടി20 മത്സരം കളിച്ചത്. ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് സീസണുകളിലായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി (ആർസിബി) പുറത്തെടുത്ത മികച്ച പ്രകടനമാണ് 36കാരനായ താരത്തിന് വീണ്ടും ദേശീയ ടീമിലേക്ക് വഴിതുറന്നത്.
ടീമിലെ മറ്റ് പ്രധാന മാറ്റങ്ങള്‍:
പരിക്കുമൂലം പുറത്തായിരുന്ന സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ടീമില്‍ തിരിച്ചെത്തി.
വരുന്ന ടെസ്റ്റ് പരമ്പര മുൻനിർത്തി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചു.
അര്‍ഷ്ദീപ് സിംഗിനൊപ്പം പ്രിന്‍സ് യാദവ്, മായങ്ക് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത്.
പേസ് ഓള്‍റൗണ്ടര്‍മാരായി നിതീഷ് കുമാര്‍ റെഡ്ഡിയും ശിവം ദുബെയും ഇടംനേടിയപ്പോള്‍, പരിക്കേറ്റ് പുറത്തായ ഹാര്‍ദിക് പാണ്ഡ്യ ടീമിലില്ല.
കൗമാര താരം വൈഭവ് സൂര്യവംശിയും വിന്ഡീസിനെതിരെയെത്തിയ സ്പിൻ ഓള്‍റൗണ്ടര്‍ നമൻ ധിറും തങ്ങളുടെ സ്ഥാനങ്ങൾ നിലനിർത്തി.
ഇന്ത്യ എ ടീമും പ്രഖ്യാപിച്ചു
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍, കെ.എല്‍. രാഹുല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, സായ് സുദര്ശന്, റിഷഭ് പന്ത്, മുകേഷ് കുമാര്‍, ദേവ്ദത്ത് പടിക്കല്‍, ആഖിബ് നബി തുടങ്ങിയ പ്രമുഖര്‍ ഇന്ത്യ എ ടീമില്‍ ഇടംനേടിയിട്ടുണ്ട്.


