2026-ലെ ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യന്‍ ഹോക്കി ടീമുകളുടെ ജേഴ്സി നിറങ്ങളില്‍ വീണ്ടും മാറ്റം വരുത്താനൊരുങ്ങി ഹോക്കി ഇന്ത്യ. ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (IOA) ഹോക്കി ഇന്ത്യ ഔദ്യോഗിക ശുപാർശ നൽകി. ജേഴ്സിയില്‍ നീല നിറത്തിന് ഒന്നാം മുന്‍ഗണന നല്‍കാനും, കാവി നിറം രണ്ടാം മുന്‍ഗണനയായി നിലനിര്‍ത്താനുമാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഹോക്കി ഇന്ത്യ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
താല്‍ക്കാലിക മാറ്റം മാത്രം
ഏഷ്യന്‍ ഗെയിംസിനായുള്ള ഈ താത്കാലിക നിര്‍ദ്ദേശത്തിന് പിന്നാലെ, ഇന്ത്യന്‍ ടീം വീണ്ടും സ്ഥിരമായി നീല ജേഴ്സിയിലേക്ക് മടങ്ങിയെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ കായിക ലോകത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ ഈ മാറ്റം ഏഷ്യന്‍ ഗെയിംസിനായി മാത്രമുള്ളതാണെന്നും, കാവി നിറം പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ലെന്നും ഫെഡറേഷന് വ്യക്തമാക്കി. ഭാവി ടൂര്‍ണമെന്റുകളിലെ ജേഴ്സി നിറങ്ങള്‍ സംബന്ധിച്ച് പിന്നീട് ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിര്‍ക്കിയും ട്രഷറര്‍ ശേഖര്‍ ജെ മനോഹരനും വ്യക്തമാക്കി.
നേരത്തെ ലോകകപ്പിനിടെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ പ്രധാന ജേഴ്സിയായി കാവി നിറം അവതരിപ്പിച്ചത് കായിക ലോകത്തും രാഷ്ട്രീയ തലത്തിലും വലിയ ചര്‍ച്ചകൾക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. പരമ്പരാഗതമായി നീല നിറത്തോടാണ് ഇന്ത്യന്‍ ഹോക്കി ടീമുകളും ആരാധകരും മാനസികമായി കൂടുതൽ ഇണങ്ങിയിട്ടുള്ളത്.
ഏഷ്യന്‍ ഗെയിംസിനായുള്ള പുതിയ ജേഴ്സികളുടെ അന്തിമ ഡിസൈനും രൂപവും ഇതുവരെ ഫെഡറേഷൻ പുറത്തുവിട്ടിട്ടില്ല. നിലവിലെ തീരുമാനം ടൂര്‍ണമെന്റിനായുള്ള നിറങ്ങളുടെ മുൻഗണന മാറ്റം മാത്രമാണെന്നും, ഔദ്യോഗിക കിറ്റുകൾ പുറത്തുവരുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ പൂർണ്ണ ചിത്രം വ്യക്തമാകൂ എന്നും ഫെഡറേഷൻ അറിയിച്ചു.


