ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് 135 റൺസിന്റെ കൂറ്റൻ വിജയം. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 355 റൺസിന്റെ പടുകൂറ്റൻ ടോട്ടലാണ് ഓസ്ട്രേലിയക്കെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 220 റൺസിന് പുറത്തായി.
സെഞ്ച്വറി നേടിയ ടോം ബാന്റൺ, അർദ്ധ സെഞ്ച്വറി നേടിയ ജോ റൂട്ട്, ജോർദാൻ കോക്സ്, വിൽ ജാക്സ് എന്നിവർ ഇംഗ്ലണ്ട് നിരയിൽ തിളങ്ങി. 99 പന്തുകളിൽ നിന്നും 12 ഫോർ, 4 സിക്സ് അടക്കം 121 റൺസാണ് ബാന്റൺ നേടിയത്. ജോർദാൻ 67, റൂട്ട് 62, ജാക്സ് 54 എന്നിവരുടെ പ്രകടനങ്ങളും ഇംഗ്ലണ്ടിന് വലിയ ടോട്ടൽ നൽകി.
ബൗളിങ്ങിൽ ഗസ് അറ്റ്കിൻസൺ നാല് വിക്കറ്റുകളും ലിയാം ഡാവ്സൺ, സാം കറൻ എന്നിവർ രണ്ട് വിക്കറ്റുകൾ നേടിയപ്പോൾ ഓസ്ട്രേലിയ 220ന് പുറത്തായി.
ഓസ്ട്രേലിയൻ നിരയിൽ മാത്യു റെൻഷോ 63 റൺസും കാമറൂൺ ഗ്രീൻ 64 റൺസും സ്വന്തമാക്കി പൊരുതിയെങ്കിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ സാധിച്ചില്ല.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ആയിരുന്നു വിജയിച്ചിരുന്നത്. നിലവിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. നവംബർ 18നാണ് പരമ്പരയിൽ അവസാന മത്സരം. വിജയിക്കുന്ന ടീമിന് സീരീസ് സ്വന്തമാക്കാൻ സാധിക്കും.


