വാഷിങ്ടൺ/ന്യൂഡൽഹി: റഷ്യയ്ക്കെതിരെയുള്ള പുതിയ ഉപരോധ ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി ഒപ്പുവെച്ചു. റഷ്യയിൽ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ വഴിതുറക്കുന്നതാണ് പുതിയ നിയമം.
ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യു.എസ് ജനപ്രതിനിധി സഭ 262-159 എന്ന വോട്ടിനാണ് ബിൽ പാസാക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ബില്ലിൽ ഒപ്പുവെച്ചത്.
ബില്ലിന്റെ പ്രധാന വശങ്ങൾ
നിയമത്തിന്റെ പേര്:
അന്തരിച്ച സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ സ്മരണാർത്ഥം ‘ലിൻഡ്സി ഒ ഗ്രഹാം റഷ്യ-ഇറാൻ ഉപരോധ നിയമം 2026’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ഈ വർഷം ജൂലൈയിൽ യുക്രൈൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം അന്തരിച്ചത്.
ലക്ഷ്യം:
യുക്രൈനെതിരെയുള്ള യുദ്ധത്തിന് റഷ്യയ്ക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ തടയുക എന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. റഷ്യൻ ബാങ്കുകൾ, സർക്കാർ ഉദ്യോഗസ്ഥർ, ഊർജ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ കർശന ഉപരോധങ്ങൾക്ക് നിയമം വ്യവസ്ഥ ചെയ്യുന്നു.
തീരുവ വ്യവസ്ഥകൾ:
റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ റഷ്യൻ ഉൽപ്പന്നങ്ങൾക്ക് 500 ശതമാനം വരെയും, എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധിക തീരുവ ചുമത്താനും അമേരിക്കൻ പ്രസിഡന്റിന് ഈ നിയമം അധികാരം നൽകുന്നു.
ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
ഡെമോക്രാറ്റിക് അംഗം സ്റ്റെന്നി ഹോയർ അവതരിപ്പിച്ച ഭേദഗതിയിൽ ഇന്ത്യ, ചൈന, യു.ഇ.ഇ, തുർക്കി, സിംഗപ്പൂർ, അസർബൈജാൻ, കസാഖിസ്ഥാൻ, ഹംഗറി, കിർഗിസ്ഥാൻ, സ്ലോവാക്യ എന്നീ 10 രാജ്യങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഭേദഗതി ഇന്ത്യയ്ക്ക് മേൽ നേരിട്ട് 100 ശതമാനം തീരുവ നിർബന്ധമാക്കുന്നില്ല.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ അധികാരം ഉപയോഗിക്കാൻ തീരുമാനിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് മേൽ ഈ പുതിയ തീരുവ ചുമത്തുകയുള്ളൂ. ഇന്ത്യയ്ക്ക് മേൽ 100 ശതമാനം തീരുവ ചുമത്തുകയാണെങ്കിൽ, നിലവിലുള്ള 10 ശതമാനത്തിന് പുറമെയാണിത്.
റഷ്യൻ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ പേരിൽ കഴിഞ്ഞ വർഷവും ഇന്ത്യയും അമേരിക്കയും തമ്മിൽ വ്യാപാര സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നു.
ഇന്ത്യയുടെ പ്രതികരണം
അമേരിക്കൻ കോൺഗ്രസ് റഷ്യൻ ഉപരോധ ബിൽ പാസാക്കിയ ദിവസം തന്നെ ഇന്ത്യ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. 1.4 ബില്യൺ ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ പൂർണ്ണമായും ഉറച്ചുനിൽക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നായി എണ്ണ വാങ്ങുന്നതുൾപ്പെടെ വൈവിധ്യമാർന്ന ഉറവിടങ്ങൾ ഉപയോഗിച്ചും വിപണിയിലെ സാഹചര്യങ്ങൾ പരിഗണിച്ചും രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കുന്നത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ സാഹചര്യത്തിൽ അമേരിക്കയുടെ അടുത്ത നീക്കങ്ങളും തീരുവ പ്രഖ്യാപനങ്ങളും എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് വ്യാപാരികളും വ്യവസായ ലോകവും.


