ലിസ്ബൺ: പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തീരുമാനിച്ചതായി റിപ്പോർട്ട്. ദേശീയ ടീം പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് റൊണാൾഡോയുടെ നിർണായക തീരുമാനം.
നോർവെയ്ക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതോടെയാണ് തർക്കം പരസ്യമായത്. പോർച്ചുഗൽ ആ മത്സരം 2-1ന് വിജയിച്ചിരുന്നു. പിന്നാലെ ഡെൻമാർക്കിനെതിരായ മത്സരത്തിലും സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തില്ലെന്ന് അറിഞ്ഞതോടെ ബുധനാഴ്ച താരം ടീം ക്യാമ്പ് വിട്ടു. സിഎൻഎൻ പോർച്ചുഗൽ കമന്റേറ്റർ റൂയി സാന്റോസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിലെ മാനേജ്മെന്റിന് കീഴിൽ കളിക്കാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് റൊണാൾഡോ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫെഡറേഷന് തലവേദനയായി തർക്കം
റൊണാൾഡോയുടെ തീരുമാനം പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷന് വലിയ തലവേദനയായിരിക്കുകയാണ്. ജോർജ് ജീസസിന് കീഴിൽ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ പരിശീലകനെ മാറ്റാൻ ഫെഡറേഷന് കഴിയില്ല.
മറുവശത്ത് റൊണാൾഡോയെ പോലെ ഒരു താരത്തിന്റെ അഭാവം വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. സ്പോൺസർഷിപ്പിലൂടെയും ടിക്കറ്റ് വിൽപ്പനയിലൂടെയും ലഭിക്കുന്ന വലിയ വരുമാനം നഷ്ടമാകുമെന്ന ആശങ്കയിലാണ് ഫെഡറേഷൻ.
നോർവെയ്ക്കെതിരായ വിജയത്തിന് ശേഷം ജീസസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. റൊണാൾഡോയ്ക്ക് ടീമിലേക്ക് തിരിച്ചുവരാൻ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അൽ-നസറിൽ മികച്ച പ്രകടനം തുടരുകയും തിരിച്ചുവരാൻ ആഗ്രഹിക്കുകയും ചെയ്താൽ ടീമിലേക്ക് വിളിക്കുമെന്നും ജീസസ് വ്യക്തമാക്കി.
എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനാൽ അനുരഞ്ജനം ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.ഫെഡറേഷൻ തങ്ങളുടെ ഓപ്ഷനുകൾ വിലയിരുത്തുകയാണ്. റൊണാൾഡോയ്ക്ക് ആചാരപരമായ യാത്രയയപ്പ് പോലും നൽകാൻ കഴിയുമോ എന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.


