നഗോയ: 2026 ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി ആദ്യ വ്യക്തിഗത സ്വർണ്ണ മെഡൽ സ്വന്തമാക്കി ഷൂട്ടർ നീരു ദണ്ഡ.
ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതാ ട്രാപ്പ് വ്യക്തിഗത ഫൈനലിൽ അവിശ്വസനീയ പ്രകടനം കാഴ്ചവെച്ചാണ് 26 കാരിയായ നീരു രാജ്യത്തിന്റെ അഭിമാനമുയർത്തിയത്.
ഈ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ വ്യക്തിഗത സ്വർണ്ണവും, മൊത്തത്തിലുള്ള അഞ്ചാമത്തെ സ്വർണ്ണ മെഡലുമാണിത്.
ഫൈനലിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ നീരു, 30-ൽ 28 ലക്ഷ്യങ്ങളും തകർത്തെറിഞ്ഞാണ് സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. മികച്ച കൃത്യത നിലനിർത്തിയ താരം ഏഷ്യൻ, ഏഷ്യൻ ഗെയിംസ് റെക്കോർഡുകളും തന്റെ പേരിലാക്കി.
മുൻ ഏഷ്യൻ റെക്കോർഡായ 24 പോയിന്റുകൾ മറികടന്നാണ് നീരു ഒന്നാം സ്ഥാനത്തെത്തിയത്. 26/30 എന്ന സ്കോറോടെ ചൈനയുടെ സൺ യുനോങ് വെള്ളിയും, 21/30 സ്കോർ നേടിയ കുവൈത്തിന്റെ ഹജർ അബ്ദുൾമാലിക് വെങ്കലവും സ്വന്തമാക്കി.
ചരിത്രമെഴുതി നീരു ദണ്ഡ
ഏഷ്യൻ ഗെയിംസ് ട്രാപ്പ് ഷൂട്ടിംഗിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ചരിത്രനേട്ടമാണ് നീരു ദണ്ഡ സ്വന്തമാക്കിയത്.
കൂടാതെ ട്രാപ്പ് ഷൂട്ടിംഗ് വ്യക്തിഗത ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയും കൂടിയാണ് അവർ.
ഇതിനുമുമ്പ് 1978 ലെ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത ട്രാപ്പ് ഇനത്തിൽ രൺധീർ സിംഗും, 16 വർഷം മുമ്പ് പുരുഷന്മാരുടെ ഡബിൾ ട്രാപ്പ് ഇനത്തിൽ റോഞ്ചൻ സോധിയുമാണ് ഇന്ത്യക്കായി സ്വർണം നേടിയിട്ടുള്ളത്.
ഈ വർഷം ഇറ്റലിയിലെ ലോണാറ്റോയിൽ നടന്ന ഐഎസ്എസ്എഫ് ഷോട്ട്ഗൺ ലോകകപ്പിലും നീരു സ്വർണം നേടിയിട്ടുണ്ട്.
ടീം ഇനത്തിലും ഇന്ത്യക്ക് നേട്ടം
വ്യക്തിഗത ഇനത്തിലെ സ്വർണ്ണ തിളക്കത്തിന് പുറമെ ടീം ട്രാപ്പ് ഇനത്തിലും നീരു ദണ്ഡ തിളങ്ങി. വനിതകളുടെ ട്രാപ്പ് ടീം ഇനത്തിൽ നീരു ദണ്ഡ, ആഷിമ അഹ്ലാവത്, മനീഷ കീർ എന്നിവരടങ്ങിയ ഇന്ത്യൻ സംഘം 328 പോയിന്റുകൾ നേടി വെള്ളി മെഡൽ സ്വന്തമാക്കി.
മത്സരത്തിൽ ആകെ 346 പോയിന്റുകൾ നേടിയ ചൈന സ്വർണ്ണം സ്വന്തമാക്കിയപ്പോൾ, 325 പോയിന്റുകളോടെ കുവൈറ്റ് വെങ്കല മെഡൽ നേടി.


