ഭക്ഷോത്പന്ന മേഖലയിൽ പുതിയ ചുവടുവെപ്പുകളുമായി റിലയൻസ് ഇൻഡസ്ട്രീസ്. റെഡി-ടു-ഡ്രിങ്ക് ഡയറി ബീവറേജ് വിപണി പിടിക്കാൻ ലക്ഷ്യമിട്ട് റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് ‘ജോയ്ലാൻഡ്’ (Joyland) എന്ന പേരിൽ ഫ്ലേവേർഡ് മിൽക്ക് വിപണിയിലെത്തിച്ചു.
ഒരു പാക്കറ്റിന് വെറും 20 രൂപയാണ് വില. തമിഴ്നാട്ടിൽ ആദ്യമായി വിപണിയിലിറക്കുന്ന ഈ ഉത്പന്നം അധികം വൈകാതെ കേരളമടക്കമുള്ള മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന.
വിലക്കുറവും തന്ത്രപരമായ നീക്കവും
സ്ട്രോബെറി, വാനില, പിസ്ത എന്നീ ജനപ്രിയ രുചികളിലാണ് ജോയ്ലാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഗുണനിലവാരമുള്ള ഡയറി ചേരുവകൾ ഉപയോഗിച്ച് കുറഞ്ഞ വിലയിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് ഉത്പന്നം എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
കുറഞ്ഞ വിലയിൽ കാമ്പ കോള വിപണിയിലിറക്കി പെപ്സി, കൊക്കകോള തുടങ്ങിയ വമ്പന്മാരെ പ്രതിരോധിച്ച തന്ത്രം തന്നെയാണ് ഡയറി മേഖലയിലും റിലയൻസ് പയറ്റുന്നത്.
മത്സരം അമൂൽ മുതൽ മിൽമ വരെ
ഇന്ത്യയിലെ ഫ്ലേവേഡ് മിൽക്ക് വിപണി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. 2021-ൽ 4,420 കോടി രൂപയായിരുന്ന വിപണിയുടെ മൂല്യം 2025-ഓടെ 7,600 കോടിയും, 2026-ൽ ഏകദേശം 10 ശതമാനം വളർച്ചയോടെ 8,360 കോടി രൂപയിലുമെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇത്രയും വലിയൊരു വിപണിയിലേക്കാണ് അമൂൽ, ഐടിസി, മിൽമ, മദർ ഡെയറി, നന്ദിനി തുടങ്ങിയ മുൻനിര ബ്രാൻഡുകളോട് മത്സരിക്കാൻ റിലയൻസ് ജോയ്ലാൻഡുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
റിലയൻസിന്റെ അതിവിപുലമായ വിതരണ ശൃംഖലയും ഓൺലൈൻ-ഓഫ്ലൈൻ റീട്ടെയിൽ സ്വാധീനവും എതിരാളികൾക്ക് കടുത്ത വെല്ലുവിളിയാകും.
കേരളത്തിലെ ഡയറി ബ്രാൻഡുകൾക്ക് ഭീഷണിയാകുമോ?
റെഡി-ടു-ഡ്രിങ്ക് ഡയറി ബീവറേജ് വിപണിയിലേക്ക് റിലയൻസ് പ്രവേശിക്കുന്നത് കേരളത്തിലെ വിപണിയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കും.
കേരളത്തിന്റെ സ്വന്തം ബ്രാൻഡായ മിൽമയുടെ പ്രധാന വരുമാന മാർഗമായ സാധാരണ പാൽ ബിസിനസിന് ജോയ്ലാൻഡിന്റെ വരവ് പെട്ടെന്ന് വലിയ ഭീഷണിയായേക്കില്ല.
എന്നാൽ, ഫ്ലേവേർഡ് മിൽക്ക്, റെഡി-ടു-ഡ്രിങ്ക് പാനീയങ്ങൾ തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളുടെ വിഭാഗത്തിൽ ചിത്രം വ്യത്യസ്തമാണ്.
വിലക്കുറവും റിലയൻസിന്റെ ശക്തമായ റീട്ടെയിൽ സാന്നിധ്യവും ഉപഭോക്താക്കളെ എളുപ്പത്തിൽ ആകർഷിക്കുമെന്നതിനാൽ, കേരളത്തിലെ പ്രാദേശിക ഡയറി ബ്രാൻഡുകൾക്കും വിപണിയിൽ കടുത്ത മത്സരം നേരിടേണ്ടി വരും.


