ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരെ വീണ്ടും തകർപ്പൻ ഫിഫ്റ്റി അടിച്ചതിന് പിന്നാലെ വെളിപ്പെടുത്തലുമായി ഓപ്പണർ അഭിഷേക് ശർമ്മ. തനിക്കെതിരെ വിൻഡീസ് ഒരു പ്രത്യേക പദ്ധതിയുമായാണ് വന്നതെന്ന് തനിക്കറിയാമായിരുന്നുവെന്ന് അഭിഷേക് പറഞ്ഞു.
മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം.
“എനിക്കെതിരെ അവർക്ക് ഒരു പ്ലാനുണ്ടെന്ന് എനിക്കറിയാമായിരുന്നു. ആദ്യ ഓവർ എറിയാൻ ഓഫ് സ്പിന്നർ ചേസിനെ കൊണ്ടുവരും. അതുകൊണ്ട് അത് അവനും ഞാനും തമ്മിലുള്ള പോരാട്ടമായിരുന്നു. ആദ്യ ഓവറിൽ ഞാൻ അദ്ദേഹത്തിന് ബഹുമാനം കൊടുത്തു, കാരണം ഈ പരമ്പരയിൽ ചേസ് വളരെ മികച്ച രീതിയിലാണ് പന്തെറിയുന്നത്,” അഭിഷേക് പറഞ്ഞു.
റെക്കോർഡ് തകർത്ത് അഭിഷേക്, ഇന്ത്യക്ക് ജയം
ഞായറാഴ്ച ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20യിൽ ഇന്ത്യ വിൻഡീസിനെ 14 റൺസിന് തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 223 റൺസ് അടിച്ചുകൂട്ടി, മറുപടിയിൽ വിൻഡീസ് 209ന് ഒതുങ്ങി. ഈ പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ഒരു ടോട്ടൽ വിജയകരമായി പ്രതിരോധിക്കുന്നത്.
ഈ മത്സരത്തോടെ ടി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമായി അഭിഷേക്. 1024 പന്തിൽ നിന്നാണ് ഈ നേട്ടം. സൂര്യകുമാർ യാദവിന്റെ 1164 പന്ത് എന്ന റെക്കോർഡാണ് താരം തകർത്തത്.
ഇന്ത്യക്കായി 30 പന്തിൽ 6 ഫോറും 5 സിക്സുമടക്കം 69 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. ഇഷാൻ കിഷൻ 18 പന്തിൽ 37 റൺസും തിലക് വർമ്മ 16 പന്തിൽ 28 റൺസും നേടി മികച്ച പിന്തുണ നൽകി. നിതീഷ് കുമാർ റെഡ്ഡി 14 പന്തിൽ 21, അക്സർ പട്ടേൽ 14 പന്തിൽ 20 എന്നിവരും വമ്പൻ ടോട്ടലിൽ നിർണായകമായി.
അവസാനം പത്താമനായി ഇറങ്ങിയ പേസർ പ്രിൻസ് യാദവ് 6 പന്തിൽ 3 ഫോറടക്കം 13 റൺസ് നേടി ഞെട്ടിച്ചു.ബൗളിംഗിൽ അർഷ്ദീപ് സിംഗ് 3 വിക്കറ്റും നമൻ ധീർ 2 വിക്കറ്റും വീഴ്ത്തി. അക്സറും നിതീഷ് റെഡ്ഡിയും ഓരോ വിക്കറ്റ് വീതവും നേടി.


