മൊഹാലി: വൈഭവ് സുര്യവംശി എന്ന പതിനഞ്ചുകാരൻ അങ്ങ് ദോഹയിൽ 28 സിക്സറുകളുമായി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി പൂർത്തിയാക്കുമ്പോൾ ഇങ്ങ് മൊഹാലിയിൽ ഒരു ടി-20 വെടിക്കെട്ട് നടക്കുന്നുണ്ടായിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയുടെ നായകൻ പ്രിയാൻഷ് ആര്യ വക. 68 പന്തിൽ 181 റൺസാണ് തമിഴ്നാടിനെതരായ മൽസരത്തിൽ യുവതാരം സ്വന്തമാക്കിയത്. 19 സിക്സറുകൾ പായിച്ച 25-കാരൻ ടി-20 ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറാണ് സ്വന്തം പേരിലാക്കിയത്.
ദക്ഷിണാഫ്രിക്കയുടെ ലുൻഡ്രൂ പ്രിട്ടോറിയസ് കഴിഞ്ഞ മാസം നേടിയ 188 റൺസാണ് ടി-20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. രാജ്യാന്തര തലത്തിൽ പ്രിയാൻഷു നിലവിൽ രണ്ടാമനാണ്.
ഈ വെടിക്കെട്ടിൽ അഞ്ച് വിക്കറ്റിന് 275 റൺസാണ് ഡൽഹി സ്വന്തമാക്കിയത്. തമിഴ്നാട് ബൗളർ എം. സിദ്ദാർത്ഥിനെതിരെ തുടർച്ചയായി ബൗണ്ടറിയും സിക്സറും സ്വന്തമാക്കി ക്രിസ് ഗെയിലിന്റെ 175 റൺസ് എന്ന റെക്കോർഡും പ്രിയാൻഷു നേടി. മൽസരത്തിൽ ഡൽഹി 116 റൺസിന് ജയിച്ചു. തമിഴ്നാട് 159 റൺസാണ് നേടിയത്.


