കോട്ടയം: പാലായ്ക്കടുത്ത് കിഴപറയാർ സെന്റ് ഗ്രിഗോറിയോസ് പള്ളിയിലെ പെരുന്നാൾ ഗാനമേളയ്ക്കിടെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന അയ്യപ്പഭക്തിഗാനം പാടുന്നത് തടയാൻ ശ്രമിച്ചയാളെ പള്ളിക്കമ്മിറ്റിക്കാരും നാട്ടുകാരും ചേർന്ന് പുറത്താക്കി. പള്ളി സ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള പെരുന്നാളിന്റെ ഭാഗമായി പ്രദക്ഷിണത്തിന് ശേഷം നടന്ന ഗാനമേളയിലായിരുന്നു നാടകീയ സംഭവങ്ങൾ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലെ പെരുന്നാൾ ഗാനമേളകളിൽ പതിവായി ആലപിക്കാറുള്ള ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന ഗാനം ഗായകൻ റഷീദ് വേദിയിൽ പാടിക്കൊണ്ടിരിക്കെയായിരുന്നു സംഭവം. അസഹിഷ്ണുത പൂണ്ട, വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ വേദിയിലേക്ക് കയറി ഗായകനെ തടയുകയായിരുന്നു. പള്ളിമുറ്റത്ത് ‘പള്ളിക്കെട്ട്’ പാടേണ്ടെന്നും ക്രിസ്തീയ ഗാനങ്ങൾ മാത്രം പാടിയാൽ മതിയെന്നും ഇയാൾ രോഷത്തോടെ ആവശ്യപ്പെട്ടു.
ഇതോടെ വേദിക്ക് മുന്നിലുണ്ടായിരുന്ന നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും കൂക്കിവിളിക്കുകയും ചെയ്തു. ദ്രുതഗതിയിൽ വേദിയിലെത്തിയ പള്ളിക്കമ്മിറ്റിക്കാർ ഇയാളെ പിടിച്ചുമാറ്റി സ്റ്റേജിൽ നിന്ന് പുറത്താക്കി. “ഇയാൾ ഈ നാട്ടുകാരനല്ലെന്നും, ഇനി ഈ നാട്ടുകാരനാണെങ്കിൽ പോലും വിവരമറിയുമെന്നും” കാണികൾ വിളിച്ചുപറയുന്നത് വിഡിയോയിൽ വ്യക്തമാണ്. പ്രശ്നമുണ്ടാക്കിയ വ്യക്തി പ്രദേശവാസിയല്ലെന്നാണ് വിവരം. തുടർന്ന് നാട്ടുകാർ ഇയാളെ സ്ഥലത്തുനിന്ന് മാറ്റി.
സംഭവത്തിന് പിന്നാലെ പള്ളി വികാരിയുടെ പ്രത്യേക ആവശ്യപ്രകാരം ഗായകൻ റഷീദ് വീണ്ടും ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന ഗാനം ആലപിച്ചു. കൂടാതെ, രണ്ട് പാട്ടുകൾക്ക് പകരം ‘പമ്പാ ഗണപതി’ അടക്കം അഞ്ച് അയ്യപ്പഭക്തിഗാനങ്ങൾ വേദിയിൽ പാടാനും പള്ളി അച്ചൻ നിർദ്ദേശിക്കുകയായിരുന്നു. മതസൗഹാർദ്ദത്തിന്റെ മികച്ച മാതൃകയായ ഈ സംഭവത്തെ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.


