മൊഹാലി: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ തകർപ്പൻ വിജയക്കുതിപ്പ് തുടർന്ന് കേരളം. മൊഹാലിയിൽ നടന്ന മത്സരത്തിൽ അസമിനെ ഒമ്പത് വിക്കറ്റിന് തകർത്ത കേരളം ടൂർണമെന്റിൽ ഹാട്രിക് ജയം സ്വന്തമാക്കി. വെടിക്കെട്ട് അർധസെഞ്ച്വറികളുമായി കളംനിറഞ്ഞ ഓപ്പണർമാരായ മുഹമ്മദ് അസറുദ്ദീന്റെയും രോഹൻ കുന്നുമ്മലിന്റെയും ബാറ്റിംഗ് കരുത്തിലാണ് കേരളത്തിന്റെ ആധികാരിക ജയം. അസം ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം വെറും 12.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു.
അസറുദ്ദീൻ – രോഹൻ വെടിക്കെട്ട്
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി ഓപ്പണർമാർ തുടക്കം മുതൽ ആഞ്ഞടിച്ചതോടെ പവർപ്ലേയിൽ തന്നെ സ്കോർ 78-ൽ എത്തി.
വെറും 21 പന്തിൽ അർധസെഞ്ച്വറി തികച്ച മുഹമ്മദ് അസറുദ്ദീൻ 37 പന്തിൽ 6 ഫോറും 9 കൂറ്റൻ സിക്സറുകളുമടക്കം 93 റൺസുമായി പുറത്താകാതെ നിന്നു. 24 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കിയ രോഹൻ കുന്നുമ്മൽ 26 പന്തിൽ 53 റൺസെടുത്ത് പുറത്തായി.
ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 8.1 ഓവറിൽ 123 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടുണ്ടാക്കിയതോടെ കേരളത്തിന്റെ വിജയം ഉറപ്പായിരുന്നു.
രോഹൻ പുറത്തായ ശേഷം മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ 13 പന്തിൽ 14 റൺസെടുത്ത് അസറുദ്ദീനൊപ്പം പുറത്താകാതെ നിന്ന് ടീമിനെ വിജയതീരത്തെത്തിച്ചു.
ബൗളിംഗിൽ തിളങ്ങി വൈശാഖ് ചന്ദ്രൻ
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അസം നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 165 റൺസെടുത്തത്. 38 പന്തിൽ 49 റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഡെനിഷ് ദാസ്, 17 പന്തിൽ 29 റൺസെടുത്ത റോഹിത് സെൻ, 13 പന്തിൽ 21 റൺസെടുത്ത ആകാശ് സെൻഗുപ്ത എന്നിവരുടെ ബാറ്റിംഗാണ് അസമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
കേരളത്തിനായി മികച്ച ബൗളിംഗ് പുറത്തെടുത്ത വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
പോയിന്റ് പട്ടികയിൽ കേരളം രണ്ടാമത്
ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളിൽ പുതുച്ചേരി, ത്രിപുര, മഹാരാഷ്ട്ര എന്നീ ടീമുകളെ കേരളം പരാജയപ്പെടുത്തിയിരുന്നു. ആന്ധ്രയോടും മധ്യപ്രദേശിനോടും മാത്രമാണ് ടീം തോൽവി വഴങ്ങിയത്.
നിലവിൽ എലൈറ്റ് ഗ്രൂപ്പ് സിയിൽ ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവുമായി 16 പോയിന്റോടെ കേരളം രണ്ടാം സ്ഥാനത്താണ്.
അഞ്ച് കളികളിൽ നിന്ന് 16 പോയിന്റുള്ള ആന്ധ്രയാണ് നെറ്റ് റൺറേറ്റിന്റെ മികവിൽ ഒന്നാം സ്ഥാനത്ത്. അഞ്ച് കളികളിൽ നിന്ന് 16 പോയിന്റുള്ള മധ്യപ്രദേശ് കേരളത്തിന് തൊട്ടുപിന്നിലായി മൂന്നാം സ്ഥാനത്തുണ്ട്.


