കൊച്ചി: ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും കാന്താരിയും മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്. അടുക്കളയിലെ പല പച്ചക്കറികളും ഇത്തരത്തിൽ ഉപ്പിലിട്ട് സൂക്ഷിക്കാൻ സാധിക്കും. അതിലൊന്നാണ് ചുവന്നുള്ളി. വലിയ പാചക പരിചയമോ അധിക ചേരുവകളോ ഇല്ലാതെ ചുവന്നുള്ളി ഉപ്പിലിട്ട് തയ്യാറാക്കുന്ന എളുപ്പവഴി പരിചയപ്പെടാം നമ്മുക്ക്.
ആവശ്യമായ ചേരുവകൾ
ചുവന്നുള്ളി
വെളുത്തുള്ളി
പച്ചമുളക് അല്ലെങ്കിൽ കാന്താരി
ബീറ്റ്റൂട്ട്
വിനാഗിരി (സാധാരണ വിനാഗിരിയോ നാടൻ കള്ളിന്റെ വിനാഗിരിയോ)
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു ബീറ്റ്റൂട്ടിന്റെ പകുതി ചെറുതായി അരിഞ്ഞ് ഒരു പാത്രത്തിലെടുത്ത്, കുറച്ച് വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ച് തിളപ്പിക്കുക.
ബീറ്റ്റൂട്ട് വെള്ളം തിളച്ചു വരുമ്പോഴേക്കും ഒരു ചില്ല് പാത്രത്തിലേക്ക് ചുവന്നുള്ളി, പച്ചമുളക് അല്ലെങ്കിൽ കാന്താരി, വെളുത്തുള്ളി എന്നിവ ചേർക്കുക.
ഇതിലേക്ക് കാൽ കപ്പ് വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർക്കാം.
തിളച്ചു വന്ന ബീറ്റ്റൂട്ട് വെള്ളം ചൂടാറിയ ശേഷം ചില്ല് പാത്രത്തിലേക്ക് ഒഴിക്കുക.
പാത്രം നന്നായി അടച്ച് സൂക്ഷിക്കാം. ഏഴ് ദിവസത്തിന് ശേഷം തുറന്ന് ഉപയോഗിച്ചു തുടങ്ങാം.
ബീറ്റ്റൂട്ടിന്റെ നിറവും വിനാഗിരിയുടെ പുളിപ്പും ചുവന്നുള്ളിയുടെ രുചിയും ചേരുമ്പോൾ വ്യത്യസ്തവും രുചികരവുമായ വിഭവം ലഭിക്കുമെന്നാണ് കുറിപ്പിൽ പറയുന്നത്.


