പോർച്ചുഗലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ടെന്ന് മുൻ പോർട്ടോ താരം ജോവോ മാരിയൊ. അർജന്റീനയിൽ മെസ്സിക്ക് ലഭിച്ചത് പോലെയുള്ള ഒരു ഫെയർവെൽ മത്സരം റൊണാൾഡോ അർഹിക്കുന്നുണ്ട് മാരിയോ ചൂണ്ടിക്കാട്ടി.
“ക്രിസ്റ്റ്യാനോക്ക് യാത്രയയപ്പ് സമ്മാനം നൽകാത്തതും മെസ്സിക്ക് അർജന്റീനയിൽ ലഭിച്ചത് പോലെയുള്ള ആദരവ് അദ്ദേഹത്തിന് നൽകാത്തതും സങ്കടകരമാണ്. അത് എന്നെ വേദനിപ്പിച്ചു. റൊണാൾഡോയും അത്തരമൊരു ആഘോഷവും ആദരവും അർഹിച്ചിരുന്നു. അങ്ങനെ ഒരു ആദരവ് അദ്ദേഹത്തിനും നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം കളിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട് എന്നെ വളരെ സ്നേഹത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. മികച്ച താരം മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ് അദ്ദേഹം” മുൻ പോർട്ടോ താരം സ്പോർട്സ് ടി.വിയിലൂടെ പറഞ്ഞു.
അടുത്തിടെയാണ് റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്.
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്. പോർച്ചുഗലിൽ നിന്നും പടിയിറങ്ങിയെങ്കിലും റൊണാൾഡോ ക്ലബ് ഫുട്ബോളിൽ തുടരും.


