കൊച്ചി: ചൂട് ചോറിനൊപ്പം അൽപ്പം അച്ചാറുണ്ടെങ്കിൽ പിന്നെ മറ്റ് കറികളുടെ ആവശ്യം പോലുമില്ലെന്ന് പറയുന്നവരാണ് മലയാളികളിൽ അധികവും. പ്രത്യേകിച്ച് നാരങ്ങ അച്ചാറിന് ഭക്ഷണപ്രേമികൾക്കിടയിൽ വലിയ സ്ഥാനമുണ്ട്. പുളിയും എരിവും ഉപ്പും ചേർന്ന നാരങ്ങ അച്ചാർ ഊണിന്റെ രുചി ഇരട്ടിയാക്കും.
എന്നാൽ നാരങ്ങ അച്ചാർ തയ്യാറാക്കുമ്പോൾ പലപ്പോഴും നേരിടുന്ന പ്രധാന പ്രശ്നമാണ് അതിലുണ്ടാകുന്ന കയ്പ്. നാരങ്ങയുടെ തൊലിയിൽ നിന്നുള്ള കയ്പ് അച്ചാറിന്റെ രുചി തന്നെ മാറ്റാറുണ്ട്. അൽപ്പം ശ്രദ്ധിച്ചാൽ ഈ പ്രശ്നം ഒഴിവാക്കി നല്ല രുചിയുള്ള നാരങ്ങ അച്ചാർ വീട്ടിൽ തന്നെ തയ്യാറാക്കാം. ദിവസങ്ങളോളം നാരങ്ങ ഉപ്പിലിട്ട് സൂക്ഷിക്കാതെ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഇൻസ്റ്റന്റ് നാരങ്ങ അച്ചാറിന്റെ എളുപ്പവഴി നവ്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചത്.
കയ്പ് ഒഴിവാക്കാം, സമയം ലാഭിക്കാം
പരമ്പരാഗത രീതിയിൽ നാരങ്ങ ഉപ്പിലിട്ട് വച്ച് പാകമാകാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടതില്ല. വേഗത്തിൽ തയ്യാറാക്കാവുന്ന ഈ രീതി തിരക്കുള്ള ദിവസങ്ങളിലും എളുപ്പത്തിൽ പരീക്ഷിക്കാവുന്നതാണ്.
ആവശ്യമായ ചേരുവകൾ
നാരങ്ങ
നല്ലെണ്ണ
കടുക്
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
മഞ്ഞൾപ്പൊടി
കായപ്പൊടി
മുളകുപൊടി
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
നാരങ്ങ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ആവിയിൽ വേവിച്ചെടുക്കുക.അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കുക.ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കുക.ഇതിലേക്ക് നീളത്തിൽ അരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കുക.
മഞ്ഞൾപ്പൊടി, എരിവിനനുസരിച്ച് മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത ശേഷം അൽപ്പം വെള്ളം ഒഴിച്ച് തിളപ്പിക്കുക.വെള്ളം വറ്റിത്തുടങ്ങുമ്പോൾ വേവിച്ച നാരങ്ങ കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അവസാനം അൽപ്പം വിനാഗിരി ചേർത്ത് ഇളക്കിയ ശേഷം അടുപ്പിൽ നിന്നും മാറ്റാം. തണുത്തതിന് ശേഷം ഈർപ്പമില്ലാത്ത വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം.


