യുവേഫ നാഷൻസ് ലീഗ് ക്വാർട്ടർ രൂപമായി. ഫിക്സ്ചർ ഈ മാസം ഇരുപതിനറിയാം. അന്നാണ് സ്വിറ്റ്സർലൻഡിലെ നിയോണിലുള്ള യുവേഫ ആസ്ഥാനത്ത് നറുക്കെടുപ്പ്. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, പോർച്ചുഗൽ എന്നിവരാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലെത്തിയത്. രണ്ടാം സ്ഥാനക്കാരായി ലോക ചാമ്പ്യന്മാരായ സ്പെയിനും ബെൽജിയവും നെതർലൻഡ്സും നോർവെയും.
അടുത്ത വർഷം മാർച്ച് 25-27നായിരിക്കും ക്വാർട്ടർ ആദ്യപാദം. രണ്ടാംപാദം മാർച്ച് 28-30 വരെ. ക്വാർട്ടർ ബെർത്ത് നഷ്ടമായവരിൽ പ്രധാനികൾ ഇറ്റലിയാണ്. ഗ്രൂപ്പ് ഒന്നിൽ നിന്നും ഫ്രാൻസിനൊപ്പം ടിക്കറ്റ് ലഭിക്കുമെന്ന കരുതപ്പെട്ടവരാണ് അവർ.
എന്നാൽ അവസാന മൽസരത്തിൽ ബെൽജിയത്തിന് മുന്നിൽ തകർന്നു പോയത് ക്ഷീണമായി. ഫ്രാൻസിനെ തോൽപ്പിച്ച് കരുത്ത് കാട്ടിയ ടീമിനാണ് അവസാനത്തിൽ പിഴച്ചത്.
പോർച്ചുഗൽ യുവേഫ നാഷൻസ് ലീഗിലെ നിർണായക അവസാന ഗ്രൂപ്പങ്കത്തിൽ 3-2ന് വെയിൽസിനെ തോൽപ്പിച്ച് ക്വാർട്ടർ ടിക്കറ്റ് സ്വന്തമാക്കി. കരുത്തരായ ഡെന്മാർക്കിനെ അവരുടെ വേദിയിൽ കയറി 3-2ന് തകർത്ത് നോർവെയും അവസാന എട്ടിലെത്തി. ഇതിഹാസതാരം രാജ്യാന്തര വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം കളി ച്ച ആദ്യ മൽസരത്തിൽ ത ന്നെ ഡെന്മാർക്കിനോട് തകർന്നു പോയ നിലവിലെ ജേതാക്കളായ പോർച്ചുഗലിന് കാർഡിഫിലെ അങ്കം മാനാഭിമാന പ്രശ്നമായിരുന്നു.
നായകൻ ബ്രൂണോ ഫെർണാണ്ടസ് പതിനൊന്നാം മിനുട്ടിൽ ജാവോ നെവസ് നൽകിയ ക്രോസ് ഉപയോഗപ്പെടുത്തിയപ്പോൾ രണ്ട് മിനുട്ടിനകം ബ്രൂക്സിലൂടെ വെയിൽസ് ഒപ്പമെത്തി. ആദ്യപകുതിയുടെ അവസാനത്തിൽ തോമസിലുടെ വെയിൽസ് ലീഡ് നേടിയപ്പോൾ പറങ്കിപ്പട സമ്മർദ്ദത്തിലായി. എന്നാൽ ഇടവേളക്ക് രണ്ട് മിനുട്ട് മാത്രം ബാക്കിനിൽക്ക പെദ്രോ നെറ്റോ സമനില നേടി. ഇതോടെ രണ്ടാം പകുതി നിർണായകമായി.
മുൻനിരയിൽ സി.ആറിന്റെ അഭാവം പലപ്പോഴും പ്രകടമായിരുന്നു. എഴുപതാം മിനുട്ടിൽ കാർലോസ് ഫോർബ്സാണ് ടീമിനെ തുണച്ച് വിജയ ഗോൾ സ്കോർ ചെയ്തത്. തൊട്ട് പിറകേ 74-ാം മിനുട്ടിൽ പെദ്രോ നെറ്റോ ചുവപ്പിൽ പുറത്തായത് ചാമ്പ്യന്മാർക്ക് തിരിച്ചടിയായി. എന്നാൽ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ വെയിൽസിനായില്ല. കൃസ്റ്റിയാനോ റൊണാൾഡോ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിറകേ രാജ്യത്തെ സോക്കർ പ്രേമികൾ താരത്തോട് സോക്കർ ഫെഡറേഷൻ കാട്ടിയ അനീതിയിൽ പ്രതികരിച്ചിരുന്നു. ടിക്കറ്റു വിൽപ്പനയെ പോലും അത് ബാധിച്ചതാണ്.
മറ്റ് അപ്രസക്ത മൽസരങ്ങളിൽ ഹംഗറിയും നോർതേൺ അയർലൻഡും 1-1 ൽ പിരിഞ്ഞപ്പോൾ യുക്രെയിൻ ഒരു ഗോളിന് ജോർജ്ജിയയെ വീഴ്ത്തി. ഇസ്രാഈൽ-ഓസ്ട്രിയ മൽസരവും 1-1 ൽ കലാശിച്ചു. ഇതേ ഗ്രൂപ്പ് മുന്നിൽ റിപ്പബ്ലിക് ഓഫ് അയർലൻഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കോസോവോയെ തരിപ്പണമാക്കി. ഗ്രൂപ്പ് നാലിൽ പോളണ്ടും സ്വിഡനും 1-1ൽ പിരിഞ്ഞു.


