ജയ്പൂർ: ഐപിഎൽ 2027 സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് വിടാൻ സ്റ്റാർ ഓപ്പണർ യശസ്വി ജയ്സ്വാൾ താൽപ്പര്യം പ്രകടിപ്പിച്ചതോടെ താരത്തിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. താരത്തിന്റെ ആവശ്യപ്രകാരം രാജസ്ഥാൻ മാനേജ്മെന്റ് കഴിഞ്ഞ രണ്ട് മാസമായി വിവിധ ഫ്രാഞ്ചൈസികളുമായി ട്രേഡ് (കൈമാറ്റ) ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
നിലനിർത്തൽ (റിറ്റൻഷൻ) പട്ടികയിൽ ജയ്സ്വാളിനെ രാജസ്ഥാൻ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, താരത്തിന്റെ ടീം മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ സജീവമാണ്.
2020 മുതൽ ടീമിന്റെ അവിഭാജ്യ ഘടകമായി വളർന്ന ജയ്സ്വാളിനെ നിലനിർത്താനായിരുന്നു രാജസ്ഥാന് താൽപ്പര്യം. എന്നാൽ, കഴിഞ്ഞ സീസണിൽ റിയാൻ പരാഗിനെ ക്യാപ്റ്റനായി നിയമിച്ചതോടെ ടീമിനുള്ളിലെ സാഹചര്യങ്ങളിൽ മാറ്റമുണ്ടായതായാണ് റിപ്പോർട്ടുകൾ.
പരിക്കിന്റെ വെല്ലുവിളികൾക്കിടയിലും പരാഗിന്റെ നേതൃത്വത്തിൽ ടീം മൂന്നാം സ്ഥാനത്തെത്തിയതോടെ, വരാനിരിക്കുന്ന സീസണിലും അദ്ദേഹത്തെ തന്നെ ക്യാപ്റ്റനായി നിലനിർത്താൻ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയ്സ്വാൾ ഫ്രാഞ്ചൈസി വിടാൻ സന്നദ്ധത അറിയിച്ചത്.
ലഖ്നൗവിന്റെയും ഡൽഹിയുടെയും ഓഫറുകൾ തള്ളി
ജയ്സ്വാളിനെ സ്വന്തമാക്കാൻ ലഖ്നൗ സൂപ്പർ ജയന്റ്സും ഡൽഹി ക്യാപിറ്റൽസും രാജസ്ഥാനെ സമീപിച്ചിരുന്നു. എന്നാൽ, ജയ്സ്വാളിന് പകരമായി ലഖ്നൗ വാഗ്ദാനം ചെയ്ത താരങ്ങളിൽ രാജസ്ഥാൻ മാനേജ്മെന്റ് തൃപ്തരായില്ല.
കെ.എൽ. രാഹുലിനൊപ്പം മികച്ചൊരു ഓപ്പണിംഗ് പങ്കാളിയെ തേടിയെത്തിയ ഡൽഹി ക്യാപിറ്റൽസിന്റെ ഓഫറും അർഹമായ നഷ്ടപരിഹാരം ലഭിക്കില്ലെന്ന വിലയിരുത്തലിൽ റോയൽസ് നിരസിച്ചു.
കഴിഞ്ഞ രണ്ട് സീസണുകളിൽ യുവതാരം വൈഭവ് സൂര്യവംശിക്കൊപ്പം തകർപ്പൻ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തിയ ജയ്സ്വാളിനെ അനാവശ്യമായി വിട്ടുകൊടുക്കാൻ രാജസ്ഥാൻ തയ്യാറല്ല.
അതേസമയം, മുംബൈ ഇന്ത്യൻസും ടീം പുനർനിർമ്മിക്കാൻ ഒരുങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആർ) താരത്തിനായി രംഗത്തുണ്ടെന്ന് സൂചനകളുണ്ട്. ഡിസംബർ 16-ന് നടക്കാനിരിക്കുന്ന മിനി ലേലത്തിന് ശേഷവും അനുയോജ്യമായ ട്രേഡ് ഓഫറുകൾ ലഭിച്ചാൽ മാത്രമേ ജയ്സ്വാളിന്റെ കാര്യത്തിൽ രാജസ്ഥാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകൂ.


