ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ഭാവിയെക്കുറിച്ച് നിർണ്ണായക പ്രതികരണവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസവുമായ കപിൽ ദേവ്.
ന്യൂസിലൻഡിനെതിരെ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിലെ രോഹിത്തിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് കപിൽ ദേവിന്റെ ഈ തുറന്നുപറച്ചിൽ. താരത്തിന്റെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം സെലക്ടർമാർക്ക് വിടുന്നതാണ് ഉചിതമെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂസിലൻഡ് പര്യടനത്തിലെ നാല് ഇന്നിംഗ്സുകളിൽ നിന്ന് വെറും 7.50 ശരാശരിയിൽ 30 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഒരു ഓപ്പണർ എന്ന നിലയിൽ താരത്തിന്റെ ഏകദിന കരിയറിലെ ഏറ്റവും മോശം ദ്വിരാഷ്ട്ര പരമ്പരയാണിത്.
കപിൽ ദേവിന്റെ വാക്കുകൾ:
“അദ്ദേഹത്തിന് തുടർന്നും കളിക്കാൻ കഴിയുമെങ്കിൽ നല്ലത്. ആ തീരുമാനം ഞാൻ സെലക്ടർമാർക്ക് വിടുകയാണ്. ഇനി അദ്ദേഹത്തിന്റെ സമയം കഴിഞ്ഞുവെന്ന് സെലക്ടർമാർ തീരുമാനിച്ചാൽ അത് അംഗീകരിക്കണം. കളിയുടെ നന്മയ്ക്കായി കൂട്ടായി ചിന്തിക്കുന്നവരാണ് സെലക്ടർമാർ, അതിനാൽ തീരുമാനം പൂർണ്ണമായും അവരുടേതാണ്.
രോഹിത് രാജ്യത്തിനായി മികച്ച സേവനങ്ങൾ നൽകിയിട്ടുണ്ട്; പക്ഷേ ജീവിതകാലം മുഴുവൻ ഒരാൾക്ക് ടീമിൽ തുടരാനാവില്ല. സുനിൽ ഗവാസ്കർ, സച്ചിൻ ടെൻഡുൽക്കർ, അനിൽ കുംബ്ലെ, ആർ. അശ്വിൻ, എം.എസ്. ധോണി തുടങ്ങി എല്ലാവരും ഒരു ദിവസം പടിയിറങ്ങിയവരാണ്. എല്ലാവർക്കും ഒരു ദിവസം മടങ്ങേണ്ടി വരും.”
പരമ്പര വിജയവും ലോകകപ്പ് ലക്ഷ്യവും
രോഹിത്തിന്റെ ബാറ്റിംഗ് പരാജയപ്പെട്ടെങ്കിലും ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കിയിരുന്നു. നിർണ്ണായകമായ അവസാന ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 209 റൺസ് പിന്തുടർന്ന കിവീസിനെ 187 റൺസിന് പുറത്താക്കിയാണ് ഇന്ത്യ ആവേശജയം നേടിയത്.
2027 ഒക്ടോബർ രണ്ടിന് ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കണമെന്നാണ് രോഹിത് ശർമ്മയുടെ ആഗ്രഹം. ലോകകപ്പ് നടക്കുമ്പോൾ രോഹിത്തിന് 40 വയസ്സ് തികയും.
എന്നാൽ, ദക്ഷിണാഫ്രിക്കൻ മണ്ണിലെ താരത്തിന്റെ മുൻകാല പ്രകടനങ്ങൾ അത്ര ആശാവഹമല്ല. അവിടെ കളിച്ച 13 ഏകദിന ഇന്നിംഗ്സുകളിൽ നിന്ന് ഒരു സെഞ്ച്വറി ഉൾപ്പെടെ 19.69 ശരാശരിയിൽ 256 റൺസ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം.


