ന്യൂഡൽഹി: ഇന്ത്യൻ ടീമിൽ നിന്ന് സ്പിന്നർ കുൽദീപ് യാദവിനെ ഒഴിവാക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മതിയായ അവസരങ്ങൾ പോലും നൽകാതെ കുൽദീപിനെ വളരെ എളുപ്പത്തിൽ ടീമിൽ നിന്ന് തഴയുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കുൽദീപ് യാദവിനെ ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് ചോപ്രയുടെ പ്രതികരണം.
ന്യൂസിലൻഡിൽ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ കുൽദീപിന് പകരം യുവ പേസർ ഗുർണൂർ ബ്രാറാണ് ഇടംനേടിയത്. ഏകദിന പരമ്പരയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ‘മാൻ ഓഫ് ദി സീരീസ്’ ആയ താരമാണ് ഗുർണൂർ ബ്രാർ.
മൂന്ന് മത്സരങ്ങളിൽ നിന്ന് 15.89 ശരാശരിയിലും 4.88 ഇക്കോണമി റേറ്റിലും 9 വിക്കറ്റുകൾ വീഴ്ത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ടീം മാനേജ്മെന്റിന്റെ നിലപാടിനെതിരെ ആകാശ് ചോപ്ര
തന്റെ യൂട്യൂബ് ചാനലിലെ ചർച്ചയിലാണ് ചോപ്ര ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്തത്.
“കുൽദീപിനെ പരമ്പരയ്ക്കിടെ നാട്ടിലേക്ക് തിരിച്ചയച്ചിരിക്കുകയാണ്, ഇത് വളരെ അപൂർവ്വമായ ഒരു കാര്യമാണ്. ഒരാളെ സ്ക്വാഡിൽ ഉൾപ്പെടുത്തിയ ശേഷം ഇങ്ങനെ ഒഴിവാക്കുന്നത് സാധാരണ സംഭവിക്കാറില്ല,” ചോപ്ര പറഞ്ഞു.
കുൽദീപിനോട് വർഷങ്ങളായി തുടരുന്ന അവഗണനയെയും അദ്ദേഹം വിമർശിച്ചു:”കഴിഞ്ഞ എട്ട് വർഷമായി കുൽദീപ് യാദവിനോട് മോശം പെരുമാറ്റമാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
ഏകദിനത്തിലും ടി20യിലും മികച്ച റെക്കോർഡുള്ള അദ്ദേഹത്തെയാണ് എപ്പോഴും ആദ്യം തഴയുന്നത്.
മൂന്ന് ഫോർമാറ്റുകളിലും ലോകത്തിലെ ഒന്നാം നമ്പർ സ്പിന്നറായി തിളങ്ങുമ്പോഴും പാലിൽ നിന്ന് ഈച്ചയെ എടുത്ത് പുറത്തിടും പോലെ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കുന്നു,” ചോപ്ര രൂക്ഷമായി വിമർശിച്ചു.
ഗുർണൂർ ബ്രാറിന്റെ നേട്ടത്തിൽ സന്തോഷമുണ്ടെങ്കിലും, കുൽദീപ് യാദവിനോട് നീതി പുലർത്തണമെന്നും കൂടുതൽ അവസരങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവംബർ 13-ന് മൗണ്ട് മൗംഗനൂയിയിൽ നടന്ന നാലാം ഏകദിനത്തിൽ കുൽദീപ് യാദവിനെ ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നു. മത്സരത്തിൽ എട്ട് ഓവർ എറിഞ്ഞ താരം 73 റൺസ് വഴങ്ങിയിരുന്നു.
ഇതിന് പിന്നാലെയാണ് താരത്തെ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കി ആഭ്യന്തര ക്രിക്കറ്റ് കളിക്കാനായി നാട്ടിലേക്ക് മടക്കിയയച്ചത്.


