ഇന്ത്യയെ അണ്ടർ 19 കിരീടത്തിലേക്ക് നയിച്ച മോഹിത് ഉൽവയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. പാകിസ്ഥാനെതിരെ ഫൈനലിൽ എം.എസ് ധോണിയെ പോലെ ശാന്തനായാണ് കളിച്ചതെന്നാണ് ഗവാസ്കർ പ്രശംസിച്ചത്.
”എം.എസ്. ധോണിയെപ്പോലെ അവൻ ശാന്തനായാണ് കളിച്ചത്. ഒരു ഐസ്മാനെ പോലെ. അവൻ ഒരു ഫോർ നേടി, അതിന് ശേഷം ശാന്തനായി നിന്നു. നോൺ സ്ട്രൈക്കറായിരുന്ന താരം സന്തോഷത്തിലായിരുന്നു. അവൻ ഹെൽമെറ്റ് ഊരി താഴെ വെച്ചതിന് ശേഷം രണ്ട് കൈകളും ഉയർത്തി ആഘോഷിച്ചു. ധോണി ആയിരുന്നെങ്കിൽ ഇതുപോലെ ആയിരിക്കും ചെയ്യുക. ലോകകപ്പിൽ സിക്സ് നേടിയ ശേഷം ധോണി ബാറ്റ് ഉയർത്തിയത് നിങ്ങൾ കണ്ടിട്ടുണ്ടാകും. അത് ഇന്നും മറക്കാനാവാത്തതാണ്. ഇതും അതുപോലെ മറക്കാൻ സാധിക്കാത്ത നിമിഷമാണ്” സുനിൽ ഗവാസ്കർ സോണി സ്പോർട്സിലൂടെ പറഞ്ഞു.
ആവേശം നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഒരു വിക്കറ്റിനാണ് ഇന്ത്യൻ യുവനിര വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 337 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്. ഇതേ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനോട് ഏറ്റുവാങ്ങിയ മൂന്ന് വിക്കറ്റ് തോൽവിക്ക് പകരം വീട്ടിയാണ് ഇന്ത്യയുടെ കിരീട നേട്ടം. ഇന്ത്യ ഒമ്പതാം തവണയാണ് അണ്ടർ 19 ഏഷ്യ കപ്പ് നേടുന്നത്.
ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ ലക്ഷ്യരാജേഷ് റായ് ചന്ദനി, ആര്യവീർ സെവാഗ് എന്നിവരുടെ അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ വിജയം. ഇന്ത്യൻ ക്യാപ്റ്റൻ 80 റൺസ് നേടിയപ്പോൾ ആര്യവീർ 58 റൺസ് സ്വന്തമാക്കി. മനൽ ചൗഹാൻ 47 റൺസും അവസാന ഓവറുകളിൽ തകർത്തടിച്ച് പുറത്താകാതെ 49 റൺസ് നേടിയ മോഹിത് ഉൽവയും ഇന്ത്യയുടെ ആവേശ വിജയത്തിൽ നിർണായകമായി.

ഫൈനലിലെ താരവും മോഹിത് ആണ്. അണ്ടർ 19 ഏഷ്യ കപ്പിന്റെ ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കുന്ന എട്ടാമത്തെ ഇന്ത്യൻ താരമാണ് മോഹിത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഓപ്പണർ ഉസ്മാൻ ഖാൻ്റെ തകർപ്പൻ സെഞ്ചുറിയുടെയും അബ്ദുൾ ഖാദിർ, ക്യാപ്റ്റൻ ഫർഹാൻ യൂസഫ് എന്നിവരുടെ അർധസെഞ്ചുറികളുടെയും കരുത്തിലാണ് വമ്പൻ സ്കോർ പടുത്തുയർത്തിയത്


